പറയുമ്പോള്‍ ആന്ധ്രപ്രദേശിലാണെങ്കിലും തിരുപ്പതി ഭഗവാന്‍ ഇങ്ങടുത്താണ്, ചെന്നൈയില്‍നിന്ന് 138 കിലോമീറ്റര്‍ മാത്രം അകലെ. ബംഗളൂരില്‍നിന്നാണെങ്കില്‍ 291 കിലോമീറ്ററും. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുപ്പതിയില്‍ കുടികൊള്ളുന്ന തിരുപ്പതി ബാലാജിയുടെ അടുത്തത്തൊന്‍ ഹൈദരാബാദുകാര്‍ക്കാവട്ടെ അറൂനൂറോളം കിലോമീറ്ററുകള്‍ താണ്ടണം.
സ്വകാര്യ ടൂര്‍ ഓപറേറ്ററായ സുഹൃത്ത് പറഞ്ഞ തിരുപ്പതി ബസ് പാക്കേജ് ഏറെ ആകര്‍ഷകമായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍നിന്ന് തുടങ്ങുന്ന, ടെമ്പിള്‍ ബെല്‍റ്റിലൂടെ ഒരു ആത്മീയ-കള്‍ച്ചറല്‍ എക്സ്പീരിയന്‍സ്. ഉടന്‍ ആറ് സീറ്റ് ബുക്ക് ചെയ്തു. അമ്മയുടെ ഏറെക്കാലമായുള്ള ആഗ്രഹസഫലീകരണംകൂടിയായി, ഈ ഫാമിലി ട്രിപ്. ഭക്ഷണമൊഴികെയുള്ള നാലുദിവസത്തെ യാത്രാ ചെലവ് ഒരാള്‍ക്ക് 2900 രൂപ ഒട്ടും അധികമായില്ല എന്ന് യാത്ര കഴിഞ്ഞപ്പോള്‍ മനസ്സിലായി. ദ്രാവിഡ വാസ്തുവിദ്യ രൂപം കൊണ്ട മണ്ണുകളിലൂടെയുള്ള ആ യാത്ര അത്രക്ക് ബോധിച്ചു. സായം കാലത്തേക്ക് ജീവിതമടുപ്പിച്ച പത്തുനാല്‍പത് യാത്രികര്‍ക്കൊപ്പമുള്ള ആ ആത്മീയാന്വേഷണത്തില്‍ ഉടനീളം ഒരു ശാന്തത നിറഞ്ഞുനിന്നിരുന്നു, കാളഹസ്തിയിലെയും തിരുമലയിലെയും കല്ലിട്ടാല്‍ വീഴാത്ത തിരക്കിലും.
വെല്ലൂരിലെ സുവര്‍ണവെളിച്ചം
രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് തുടങ്ങിയ യാത്ര രാത്രി ഏഴോടെ തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള സുവര്‍ണക്ഷേത്രത്തില്‍ ചെന്നത്തെി. പുരാതന ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം, 2007ല്‍ പണികഴിപ്പിച്ച ഈ ആധുനിക ക്ഷേത്രത്തില്‍നിന്നാവട്ടെ. രാത്രിയിലും സന്ദര്‍ശകരുടെ നീണ്ട തിരക്കായിരുന്നു. വെല്ലൂരില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ്, ഒട്ടേറെ വാസ്തുവിദ്യാ വിസ്മയങ്ങളുമായി, കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനിറത്തില്‍ കുളിച്ചിരിക്കുന്ന ‘ഗോള്‍ഡന്‍ ടെമ്പിള്‍’. ശക്തി അമ്മയുടെ കീഴിലുള്ള നാരായണീ പീഠം ട്രസ്റ്റിന്‍െറ നിയന്ത്രണത്തിലാണ് ക്ഷേത്രം. നിര്‍മാണത്തില്‍ 1500 കിലോ സ്വര്‍ണം ഉപയോഗിച്ചതായി വെളിപ്പെടുത്തുന്ന ക്ഷേത്രഭാരവാഹികള്‍, ഇതൊരു ലോക റെക്കോഡാണെന്നും അവകാശപ്പെടുന്നു. 300 ഏക്കറില്‍ വിടര്‍ന്നു നില്‍ക്കുന്ന ഈ അതിശയത്തിന്‍െറ നിര്‍മാണത്തിന് 300 കോടി രൂപ ചെലവുവന്നുവത്രെ. നക്ഷത്രാകൃതിയിലാണ് ക്ഷേത്രത്തിന്‍െറ പ്രദക്ഷിണ വഴി. ഇത് സുദര്‍ശനത്തെ സൂചിപ്പിക്കുന്നു. ലക്ഷ്മിദേവിയാണ് പ്രതിഷ്ഠ.
തിരുപ്പതി വെങ്കിടാചല ക്ഷേത്രം
തിരുപ്പതി ഭഗവാ വെങ്കിടേശാ...
സുവര്‍ണക്ഷേത്ര ദര്‍ശനശേഷം ഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ നില്‍ക്കാതെ ഒമ്പതുമണിയോടെ വീണ്ടും യാത്ര. 12 മണിക്ക് ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍. ഇവിടെയടുത്ത തിരുമലയിലാണ് വെങ്കിടേശ്വരന്‍െറ മണ്ണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ക്ഷേത്രം, ഏറ്റവും സമ്പന്നമായ ക്ഷേത്രം (നമ്മുടെ അനന്തപുരിയിലെ ശ്രീപത്മനാഭന്‍െറ നിധിശേഖരത്തിന്‍െറ മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ ആ റെക്കോഡിന് ഇളക്കം തട്ടിയിട്ടുണ്ട്) എന്നിങ്ങനെ ബഹുമതികളുള്ള വിഷ്ണുസന്നിധിയില്‍ ഭക്ത്യാദരപൂര്‍വം പ്രവേശിച്ചു. വിഷ്ണു വെങ്കിടാചലപതി ക്ഷേത്രമുള്ള തിരുമലയാണ് തിരുപ്പതിയില്‍ പ്രധാനം. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ 6611 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, വൃഷഭാദ്രി, നാരായണാദ്രി, വെങ്കിടാദ്രി എന്നീ ഏഴു മലകളാണിവിടെയുള്ളത്. ഇതില്‍ ഏഴാം മലയായ വെങ്കിടാദ്രി മലയിലാണ് തിരുവെങ്കിടാചലം ക്ഷേത്രം. തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) പ്രദേശത്തെ 12 ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നുണ്ട്.
തിരുപ്പതിയില്‍നിന്ന് 50 രൂപയുടെ ടിക്കറ്റെടുത്തുവേണം തിരുമലയിലേക്ക് പോകാന്‍. ഞങ്ങള്‍ എത്തിയ അര്‍ധരാത്രിയിലും തിരക്ക് തന്നെ. അതുകൊണ്ട് ലഗേജുകളുമായി നേരെ ദര്‍ശനക്യുവിലത്തെി വരിനിന്നു. ടിക്കറ്റുകളെല്ലാം ബയോമെട്രിക് രീതിയിലായതിനാല്‍ ഓരോരുത്തരും വരി നില്‍ക്കണം. പുലര്‍ച്ചെ അഞ്ചു മണിക്കാണ് ടോക്കണ്‍ കൊടുത്തുതുടങ്ങിയത്. ഞങ്ങളില്‍ കുറച്ചുപേര്‍ക്ക് വൈകുന്നേരം നാലിനും കുറച്ചുപേര്‍ക്ക് ഒമ്പതിനുമാണ് ദര്‍ശന സമയം ലഭിച്ചത്. ടൂര്‍ ഓപ്പറേറ്ററുടെ അനുഭവസമ്പത്ത് അവിടെ സഹായകരമായി. ചില ‘കൈമടക്കു’കൊണ്ട് എല്ലാവര്‍ക്കും സമയം വൈകീട്ട് നാലുമണിയായിക്കിട്ടി.
ദര്‍ശനത്തിന് ഇനിയും ഏറെ നേരം ഉള്ളതിനാല്‍ കാളഹസ്തി സന്ദര്‍ശിച്ചുവരാന്‍ തീരുമാനിച്ചു. ഗെസ്റ്റ് ഹൗസില്‍ അല്‍പനേരത്തെ വിശ്രമത്തിനുശേഷം രാവിലെ എട്ടിനുതന്നെ എല്ലാവരും കുളിച്ച് ബസിനടുത്തത്തെി. വീണ്ടും യാത്ര.
രണ്ടു മണിയോടെ തിരുപ്പതിയില്‍ തിരിച്ചത്തെി. മൂന്നുമണിക്ക് ആന്ധ്ര സര്‍ക്കാറിന്‍െറ ബസില്‍ തിരുമലയിലേക്ക്. ഗ്രൂപ്പായതിനാല്‍ ഒറ്റബസ് ബുക്ക് ചെയ്തു. വഴിയില്‍ എല്ലാവരെയും ഇറക്കി മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചാണ് മലയിലേക്ക് കടത്തിവിടുക. 4.15ന് തിരുമലയിലത്തെി. ഇരിപ്പിടവും കുടിവെള്ള സൗകര്യവുമെല്ലാം ഉള്ള ഹാളുകളിലാണ് വരിനില്‍ക്കേണ്ടത് (അല്ല ഇരിക്കേണ്ടത്). സാധാരണ പത്തും പതിനഞ്ചും മണിക്കൂര്‍ കാത്തുനിന്നാലാണ് ദര്‍ശനം നേടാനാവക. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് രണ്ടരമണിക്കൂര്‍ കൊണ്ടുതന്നെ ദര്‍ശന സൗഭാഗ്യം ലഭിച്ചു. സൗജന്യ പ്രസാദം കഴിച്ച് ഏഴോടെ പുറത്തത്തൊനുമായി. ഫോണിനും കാമറക്കും കര്‍ശന വിലക്കാണിവിടെ. ലഡുവഴിപാടാണ് പ്രധാനം. പുറമെ തലമുണ്ഡനവുമുണ്ട്. ഒരു ടിക്കറ്റിന് ദര്‍ശന ശേഷം രണ്ട് ലഡുവീതം പ്രസാദമുണ്ടാകും. തിരുമലയില്‍നിന്ന് കയറാനും ഇറങ്ങാനും വെവ്വേറെ ചുരങ്ങളാണ്. മലയിറക്കം മൈസൂരിലെ ചാമുണ്ഡിയാത്രയെ ഓര്‍മിപ്പിച്ചു.
നേരത്തെ ബുക് ചെയ്ത, തിരുപ്പതി ദേവസ്വംവക ഗെസ്റ്റ് ഹൗസിലത്തെി. ഇവിടത്തെ താമസത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എങ്കിലും 45 ദിവസം മുമ്പ് ദേവസ്വം എക്സിക്യുട്ടീവ് ഓഫിസറുടെ പേരില്‍ തുക ഡി.ഡി എടുത്ത് അയക്കണം. www.tirumala.org ല്‍ താമസ സൗകര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വളരെ വൃത്തിയുള്ള, വിശാലമായ സാധാരണ മുറിക്ക് 200 രൂപയാണ് വാടക. ഉയര്‍ന്ന വിഭാഗങ്ങളിലും മുറി ലഭ്യമാണ്. ഫോണ്‍: 0877 2277777, 2233333. പിറ്റേന്ന് അഞ്ചിനുതന്നെ റൂം ഒഴിഞ്ഞ് യാത്ര ആരംഭിച്ചു. വഴിയിലങ്ങോളം ആര്‍.ടി.ഒ ചെക്കിങ്ങും അവര്‍ക്കുള്ള ‘കൈമടക്കു’കളും തുടര്‍ന്നുകൊണ്ടേയിരുന്നു.
കാഞ്ചീപുരം ഏകാംബരനാഥക്ഷേത്രം
കണ്ണപ്പഗാഥ കേട്ട്...
തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്വര്‍ണമുഖീ നദിക്കരയിലാണ് കാളഹസ്തി ക്ഷേത്രം. 12 ാം നൂറ്റാണ്ടില്‍ ചോളരാജാവ് രാജരാജേന്ദ്രന്‍ പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠയാണ്. പുരാണത്തിലെ കണ്ണപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്താല്‍ സമ്പന്നമാണ് കാളഹസ്തി. ശിവന്‍, കാട്ടാളനായ കണ്ണപ്പനെ പരീക്ഷിക്കാന്‍ ശിവലിംഗത്തിന്‍െറ കണ്ണില്‍ നിന്ന് രക്തംപൊഴിച്ചുവെന്നും ഇതുകണ്ട കണ്ണപ്പന്‍ സ്വന്തം കണ്ണ് ചൂഴ്ന്നെടുത്ത് നല്‍കിയെന്നും ഭക്തിയില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് കണ്ണപ്പനെ അനുഗ്രഹിച്ചെന്നുമാണ് കഥ. ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്കായുള്ള പിതൃ തര്‍പ്പണമാണിവിടെ പ്രധാനം. ഇതിനുചുറ്റുമായി ദുര്‍ഗാക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, കണ്ണപ്പ ക്ഷേത്രം, പഞ്ചമുഖേശ്വര ക്ഷേത്രം, ദക്ഷിണ കാളി ക്ഷേത്രം, നീലകണ്ഠേശ്വര സ്വാമി ക്ഷേത്രം എന്നിവയും ഉണ്ട്. (കാളഹസ്തിയിലത്തെുന്നവര്‍ക്ക് താമസിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍െറ ഗെസ്റ്റ് ഹൗസുണ്ട്. ഫോണ്‍: 08578 221336, 222240).
തിരുത്തണി മുരുകാ...
ദക്ഷിണേന്ത്യയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങളിലൊന്നായ തിരുത്തണിയായിരുന്നു പിന്നത്തെ ലക്ഷ്യം. തിരുപ്പതിയില്‍ നിന്ന് 69 കി. മീറ്റര്‍ ദൂരത്ത് തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണിത്. തിരുപ്പതിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട്ഏഴുമണിയോടെയാണ് ഞങ്ങള്‍ തിരുത്തണിയിലത്തെിയത്.
മുരുകന്‍െറ ആറുപടൈ വീടുകളായപഴനി, സ്വാമിമലൈ, തിരുപ്രംകുണ്ട്രം, പഴമുനീര്‍ചോലൈ, തിരുത്തണി, തിരുച്ചെന്തൂര്‍ എന്നിവയെല്ലാം ഏറെ പ്രസിദ്ധം. 365 പടികള്‍ ചവിട്ടി വേണം ഒറ്റപ്പാറക്കുമുകളിലുള്ള ക്ഷേത്രത്തിലത്തൊന്‍. വേടന്‍മാരുമായി യുദ്ധം ചെയ്ത് വള്ളിയെ വീണ്ടെടുത്ത മുരുകന്‍ ക്ഷീണംമാറ്റാന്‍ തെരഞ്ഞെടുത്ത മലയാണ് പിന്നെ ക്ഷേത്രമായതത്രെ. മുരുകനെ തൊഴുത്, ഭക്ഷണവും കഴിഞ്ഞ് അവിടം വിട്ടു.
കാഞ്ചീപുരത്തെ ഏകാംബരനാഥന്‍
ശിവനാണ് ഏകാംബരനാഥന്‍. പാര്‍വതി ശിവന്‍െറ കണ്ണുപൊത്തി പിടിച്ചപ്പോള്‍ ശിവന്‍ ശപിച്ചു. പ്രായശ്ചിത്തമായി ഭൂമിയില്‍ വന്ന് തപസ്സനുഷ്ഠിച്ചത് കാഞ്ചീപുരത്താണെന്നും ഇവിടുത്തെ മാവിന്‍ചുവട്ടില്‍ തപസ്സിരുന്ന പാര്‍വതിക്ക് ശിവദര്‍ശനം ലഭിച്ചെന്നുമാണ് വിശ്വാസം. ഈ മാവില്‍ നാല് വ്യത്യസ്ത രുചിയുള്ള മാങ്ങയാണ് ലഭിക്കുന്നതത്രെ. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ഇതിലെ മാങ്ങ കഴിച്ചാല്‍ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. ശിവന് ജലധാരയില്ലാത്ത ഏകക്ഷേത്രവും ഇതാണ്.
തിരുത്തണിയില്‍ നിന്ന് 42 കി. മീറ്റര്‍ അകലെ കാഞ്ചീപുരം ജില്ലയിലാണ് കാഞ്ചിക്ഷേത്രങ്ങള്‍. ഏകാംബരനാഥ ക്ഷേത്രമാണ് ഇതില്‍ പ്രമുഖം. രാവിലെ 11മണിയോടെ കാഞ്ചീപുരത്തത്തെി.
ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്‍െറ ആകെ വിസ്തീര്‍ണം 23 ഏക്കറാണ്. ക്ഷേത്ര ഗോപുരങ്ങളാണ് പ്രധാന ആകര്‍ഷണകേന്ദ്രം. രാജഗോപുരത്തിന് 59 മീറ്ററാണ് ഉയരം. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളില്‍ ഒന്നാണിത്. ആയിരംകാല്‍ മണ്ഡപമാണ് മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണകാലത്താണ് ഇത് പണിതീര്‍ത്തത്. ക്ഷേത്രക്കുളം കമ്പൈ തീര്‍ഥം എന്നറിയപ്പെടുന്നു. കുളത്തിലെ ജലം പുണ്യതീര്‍ഥമായി കണക്കാക്കുന്നു. കാഞ്ചീപുരത്തെ മറ്റുക്ഷേത്രങ്ങളില്‍ കാണുന്ന പോലെ പാര്‍വതീദേവിക്ക് പ്രത്യേകമായൊരു ശ്രീകോവില്‍ ഈ ക്ഷേത്രത്തില്‍ ഇല്ല. ഇതിനു ചുറ്റുമായി ഒമ്പതോളം ക്ഷേത്രങ്ങളുണ്ട്. കൈലാസനാഥ ക്ഷേത്രം, വരദരാജപെരുമാള്‍ ക്ഷേത്രം, കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രം, ഉലകനാഥ ക്ഷേത്രം, വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം, കച്ചപേശ്വര്‍ ക്ഷേത്രം, വിജയരാഘവപെരുമാള്‍ ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവക്ക് പുറമെ ഒരു ജൈനക്ഷേത്രവും ഇവിടെ ഉണ്ട്. ഏകാംബരനാഥ ക്ഷേത്രവും കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രവുമാണ് പ്രമുഖമായത്.
ഏകാംബരനാഥ ക്ഷേത്രത്തില്‍ നിന്ന് ഒരു കി. മീറ്റര്‍ അകലെയാണ് കാഞ്ചികാക്ഷിയമ്മന്‍ ക്ഷേത്രം. ഉച്ചവെയില്‍ ആസ്വദിച്ച് വരിനിന്നു. ഒരുമണിയോടെ ദര്‍ശനം കഴിഞ്ഞ് അവിടെനിന്ന് പുറത്തു കടന്നു. ഉണുകഴിഞ്ഞ് കാഞ്ചീപുരം പട്ടിന്‍െറ തിളക്കങ്ങളിലൂടെ ഒരു പര്‍ച്ചേസിങ്. കാഞ്ചീപുരം സാരികള്‍ കണ്ടും വാങ്ങിയു അല്‍പ നേരം. ചിലര്‍ അവിടെ അത്യാവശ്യം വിശ്രമവുമെടുത്തു. നാല് മണിയോടെ വീണ്ടും യാത്ര. അടുത്ത ലക്ഷ്യമായ ചിദംബരത്തേക്ക്. മണിക്കൂറുകള്‍ യാത്രവേണ്ടതിനാല്‍ ചെറിയ മയക്കത്തിലായി.
തഞ്ചാവൂര്‍
ചിദംബരസ്മരണകള്‍
രാത്രി 11 ഓടെ ചിദംബരത്തത്തെി. നേരെ ലോഡ്ജിലെ കട്ടിലുകളിലേക്ക്. പിറ്റേന്ന് രാവിലെ ആറിന് നടരാജക്ഷേത്രത്തിലത്തെി. കാഞ്ചീപുരത്തുനിന്ന് 194 കി. മീറ്റര്‍ അകലെ കൂടല്ലൂര്‍ ജില്ലയിലാണ് ചിദംബരം. നടരാജ ശിവനാണിവിടെ. ശില്‍പചാതുരിക്ക് മകുടോദാഹരണമാണ് ക്ഷേത്രം. ഇവിടെയുള്ള പല ക്ഷേത്രമണ്ഡപങ്ങളും നാശത്തിന്‍െറ വക്കിലാണ്. ക്ഷേത്രത്തിന് ചുറ്റുമായി നിരവധി ലോഡ്ജുകളുണ്ട്. ദര്‍ശനം കഴിഞ്ഞ് സമയം പാഴാക്കാതെ ഒമ്പതുമണിയോടെ അടുത്ത സന്നിധിയിലേക്ക്.
ചിദംബരം
ആദികുംഭേശ്വരനും തഞ്ചാവൂരും
ചിദംബരത്തുനിന്ന് 78 കി. മീറ്റര്‍ അകലെ തഞ്ചാവൂര്‍ ജില്ലയിലാണ് ക്ഷേത്ര നഗരിയായ കുംഭകോണം. ആദികുംഭേശ്വരന്‍ ശിവനാണ്. പ്രസിദ്ധമായ നവഗ്രഹക്ഷേത്രങ്ങളും ഇവിടെയുണ്ട്. 30,181 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ക്ഷേത്ര സമുച്ചയം. ഇവിടത്തെ ദര്‍ശനശേഷം ഓട്ടപ്രദക്ഷിണം തഞ്ചാവൂരിലത്തെി. കുംഭകോണം ക്ഷേത്രങ്ങളുടെ നഗരിയാണെങ്കില്‍ തഞ്ചാവൂര്‍ ശില്‍പങ്ങളുടെ നഗരമാണ്. കുംഭകോണത്തു നിന്ന് 34 കി. മീറ്റര്‍ അകലെ കാവേരീ തീരത്തുള്ള ക്ഷേത്രം എ.ഡി 1010ല്‍ പണികഴിച്ചതാണ്. തഞ്ചാവൂരിലെ പെരുവുടൈയാര്‍ അഥവാ ബൃഹദീശ്വരക്ഷേത്രത്തിന്‍െറ മകുടം ഒറ്റക്കല്ലില്‍ തീര്‍ത്തതാണ്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിന് 216 അടി ഉയരവും 14 നിലകളുമുണ്ട്. 12 വര്‍ഷം കൊണ്ടാണ് പണി തീര്‍ത്തത്. നിഴല്‍ ഭൂമിയില്‍ പതിക്കാത്ത രീതിയിലാണ് പ്രധാനക്ഷേത്രത്തിന്‍െറ നിര്‍മിതി. എറ്റവും വലിയ നന്ദി പ്രതിമ ഇവിടെയാണ്. ഈ പ്രതിമ വളരുന്നു എന്നൊരു വിശ്വാസമുണ്ട്. ദക്ഷിണേന്ത്യയുടെ പ്രധാന സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നായ തഞ്ചാവൂരിന്‍െറ പാരമ്പര്യം തുടിക്കുന്നുണ്ട് ഓരോ തെരുവിലും.
ഭക്ഷണശേഷം വീണ്ടും യാത്ര. അവസാനത്തെ ലക്ഷ്യമായ ശ്രീരംഗമാണ് ലക്ഷ്യം. തഞ്ചാവൂരില്‍ നിന്ന് 50 കി. മീറ്റര്‍ അകലെ തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്ററടുത്തുള്ള നഗരക്ഷേത്രമാണിത്. ഏഴുമതിലുകള്‍ ചേരുന്ന ഈ വിഷ്ണുക്ഷേത്രത്തിന് 21 ഗോപുരങ്ങളുണ്ട്. ഏറ്റവും വലിയ രാജഗോപുരത്തിന് 13 നിലകളും 72 മീറ്റര്‍ ഉയരവുമുണ്ട്. 166 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ക്ഷേത്ര സമുച്ചയം വൈഷ്ണവ ആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനായ വിഷ്ണുവാണ് പ്രതിഷ്ഠ. 91 കിലോ സ്വര്‍ണംകൊണ്ടാണ് ക്ഷേത്ര ഗോപുരം നിര്‍മിച്ചിട്ടുള്ളത്. 365 ദിവസവും ഇവിടെ ഉത്സവമാണ്.
ദക്ഷിണേന്ത്യന്‍ ക്ഷേത്രനഗരങ്ങളിലൂടെയുള്ള ഈ ഓട്ടപ്രദക്ഷിണത്തിന് ഇതോടെ വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.