ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റവുമായി ചൈന; പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റം വരുത്തി ചൈന. പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചൈനീസ് വിസ അപേക്ഷാ കേന്ദ്രങ്ങൾ വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പകരം, ഇനി ബന്ധപ്പെട്ട ചൈനീസ് എംബസിയും കോൺസുലേറ്റുകളും നേരിട്ട് അപേക്ഷകൾ സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കും. വിസക്കായി അപേക്ഷിക്കുന്നവർ ആദ്യം ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് രേഖകൾ പരിശോധനക്കായി സമർപ്പിക്കണം. ഓൺലൈൻ പരിശോധനക്ക് അംഗീകാരം ലഭിച്ചശേഷം മാത്രമേ പാസ്‌പോർട്ടും മറ്റ് രേഖകളും നേരിട്ട് സമർപ്പിക്കാവൂ.

അപേക്ഷകരുടെ താമസസ്ഥലം അനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ട ഓഫിസ് നിശ്ചയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലുള്ളവർ മുംബൈയിലെ ചൈനീസ് കോൺസുലേറ്റ് ജനറലിൽ അപേക്ഷ സമർപ്പിക്കണം. പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവർ താൽക്കാലികമായി ഡൽഹിയിലെ ചൈനീസ് എംബസി വഴിയാണ് അപേക്ഷ നൽകേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ളവർ ഡൽഹിയിലെ ചൈനീസ് എംബസിയെത്തന്നെ സമീപിക്കണം.

ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ഇന്ന് മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് നടപടികൾ പൂർത്തിയായ രേഖകൾ ഒക്ടോബർ 30 ഉച്ചക്ക് 12 മണിവരെ നിലവിലെ കേന്ദ്രങ്ങളിൽനിന്ന് കൈപ്പറ്റാം.

പുതിയ ചട്ടപ്രകാരം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിസ പോർട്ടലിലെ അപേക്ഷാ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. ഈ ഘട്ടത്തിൽ ഫീസ് നൽകേണ്ടതില്ല. ഓൺലൈൻ പരിശോധനക്ക് അംഗീകാരം ലഭിച്ചാൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം പാസ്‌പോർട്ട്, അപേക്ഷാ ഫോം, മറ്റ് ആവശ്യമായ രേഖകൾ എന്നിവ ബന്ധപ്പെട്ട എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിക്കണം.

ഒക്ടോബർ 23 വൈകീട്ട് അഞ്ചിന് ശേഷം ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾക്ക് ഫീസ് ഈടാക്കില്ലെന്നാണ് അറിയിപ്പ്. എന്നാൽ അതിനു മുമ്പ് സമർപ്പിച്ച അപേക്ഷകളുടെ അടച്ച സർവിസ് ഫീസ് തിരികെ ലഭിക്കില്ല. ചൈനീസ് അധികൃതർ ഈടാക്കുന്ന ഫീസും വേറെ അടക്കണം.

ഡിസംബർ 31 വരെ, ഹ്രസ്വകാല വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് വിരലടയാളം നൽകുന്നതിൽ താൽക്കാലിക ഇളവുണ്ട്. എന്നാൽ ദീർഘകാല വിസകൾക്കും പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പ്രത്യേക വിസ വിഭാഗങ്ങൾക്കും വിരലടയാളം നിർബന്ധമായി നൽകേണ്ടിവരും. അതിനാൽ അപേക്ഷിക്കുന്ന വിസയുടെ വ്യവസ്ഥകൾ പരിശോധിക്കണം.

Tags:    
News Summary - New China Visa Process India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.