ഇന്ത്യക്കാർക്ക് പ്രിയം ജപ്പാനോട്; വിനോദസഞ്ചാരികളുടെ എണ്ണം ഓരോ വർഷവും ഇരട്ടിയോളം

ന്യൂഡൽഹി: ജപ്പാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരം ഓരോ വർഷവും ഇരട്ടിയോളമായാണ് വർധിക്കുന്നതെന്ന് വി.എഫ്.എസ് ഗ്ലോബൽസ്ഥാപകനും സി.ഇ.ഒയുമായ സുബിൻ കർക്കരിയ. ന്യൂഡൽഹിയിൽ നടന്ന എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യക്കാർക്കിടയിൽ ഏറ്റവും കൂടുതൽ പ്രിയമേറി വരുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ജപ്പാനെന്ന് കർക്കരിയ പറഞ്ഞു. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ ഇപ്പോൾ ജപ്പാൻ സന്ദർശനം കൂടുതൽ ചെലവ് കുറഞ്ഞതായി മാറിയതും ഇതിന് കാരണമാണ്. കൂടാതെ, വർധിച്ചുവരുന്ന വരുമാനവും വിദേശയാത്രകൾ കൂടുതൽ എളുപ്പമാകുന്നതും ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രാ രീതികളിൽ മാറ്റം

ആദ്യമായി വിദേശയാത്ര നടത്തുന്നവർ പരമാവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജുകൾ തെരഞ്ഞെടുക്കാനാണ് താൽപ്പര്യപ്പെടുന്നത്. എന്നാൽ യാത്രകളിൽ കൂടുതൽ പരിചയസമ്പന്നരാകുമ്പോൾ ആളുകളുടെ താൽപ്പര്യങ്ങൾ മാറുന്നതായും ഭക്ഷണരീതികൾ, കല, സംസ്കാരം എന്നിവയ്ക്ക് പ്രാധാന്യം നൽകി യാത്രകൾ ആസൂത്രണം ചെയ്യാൻ തുടങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയും ഭാവിയിലെ യാത്രാനുഭവങ്ങളും

ഭാവിയിൽ എ.ഐ ബയോമെട്രിക് സംവിധാനങ്ങളും വരുന്നതോടെ വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷനിലെയും നടപടിക്രമങ്ങൾ കൂടുതൽ വേഗതയേറിയതും സുഗമവുമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. എജ്യുക്കേഷൻ, ബിസിനസ്സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ലോകത്തിന് തന്നെ വലിയൊരു കരുത്തായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Bengaluru to Mumbai in 16 Hours: Vande Bharat Sleeper Service Starts November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.