ചേലൂർ കായൽ
ശാസ്താംകോട്ട: ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം സാധ്യതാമേഖലയാണിത്. പ്രകൃതിസൗഹൃദ താമസസൗകര്യവും ബോട്ടിംഗ് ഉള്‍പ്പെടെ വാട്ടര്‍ സ്പോര്‍ട്സും, കുട്ടവഞ്ചിസവാരിയും കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഒരുക്കും. സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. രണ്ടു ഘട്ടങ്ങളായി അഞ്ചു കോടി രൂപയുടെ പദ്ധതിയാണിത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും 96,00000 രൂപയും ടൂറിസം വകുപ്പിന്റെ 50,00000 രൂപയും വകയിരുത്തിയാണ് അടിസ്ഥാന ഘടക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
അഡ്മിന് ബ്ലോക്ക്, നടപ്പാത, തടി കൊണ്ടുള്ള മേല്‍ത്തട്ട് എന്നിവക്ക് അംഗീകാരം ലഭിച്ചു. അഡ്മിന് ബ്ലോക്കില്‍ പ്രധാനമായും ടിക്കറ്റ് കൗണ്ടര്‍, ഓഫീസ് സൗകര്യങ്ങള്‍, ശൗചാലയം, വിശ്രമസ്ഥലം, ലഘുഭക്ഷണശാല എന്നിവ ക്രമീകരിക്കും. ആദ്യഘട്ടത്തില്‍ 200 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് നിര്‍മിക്കുന്നത്. ഇരുവശങ്ങളിലും ചൈനീസ് മാതൃകയിലുള്ള അലങ്കാര വിളക്കുകളും സ്ഥാപിക്കും. 478 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരിസ്ഥിതിസൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. രണ്ടാംഘട്ടത്തില്‍ കായലിനോട് ചേര്‍ന്ന് ഒരേസമയം 100 പേര്‍ക്ക് ഇരുന്നുകഴിക്കാന്‍ സൗകര്യമുള്ള ഭക്ഷണശാലയുണ്ടാകും. കായലില്‍ നിന്നും നേരിട്ട് മീന്‍പിടിച്ച് വിഭവങ്ങള്‍ പാചകം ചെയ്തു നല്കുന്ന ഭക്ഷണശാലയായിരിക്കുമിത്. തനത് കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക വേദിയും സജ്ജീകരിക്കും.
കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, പുരവഞ്ചി, കയാക്കിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങള്‍ ഒരുക്കും. സാഹസികവും വിജ്ഞാനപ്രദവും രസകരവുമായ കുട്ടികള്‍ക്കായുള്ള പാര്‍ക്കും നിര്‍മിക്കും. സഞ്ചാരികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മണ്ട്രോത്തുരുത്ത്, മൗണ്ട് ഹോറേബ് ആശ്രാമം, മയ്യത്തുംകര പള്ളി, തെക്കന്‍ മലയാറ്റൂര്‍ പള്ളി, ചിറ്റുമല ക്ഷേത്രം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കും. പഞ്ചായത്തിന് അധികവരുമാനത്തിനൊപ്പം കൂടുതല്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. നിര്‍മാണപ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.ഗീത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.