ബെൽജിയം വിട്ട റോബർട്ടോ മാർടിനെസിനെ പരിശീലകനാക്കി പോർച്ചുഗൽ

ഖത്തർ ലോകകപ്പിൽ ഒന്നാം റൗണ്ട് കടക്കാനാകാതെ മടങ്ങിയതിനു പിന്നാലെ രാജിവെച്ച ബെൽജിയം പരിശീലകനെ ചുമതലയേൽപിച്ച് പോർച്ചുഗൽ. ഗ്രൂപ് ഘട്ടത്തിൽ ബെൽജിയം പരാജയപ്പെട്ടതിനു പിന്നാലെ റോബർട്ടോ മാർടിനെസ് രാജി നൽകിയിരുന്നു. ആറു വർഷം ടീമിനെ പരിശീലിപ്പിച്ചതിനൊടുവിലായിരുന്നു മടക്കം. മാർടിനെസ് പറങ്കിപ്പടക്കൊപ്പമെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ​ഖത്തറിൽ ക്വാർട്ടർ വരെയെത്തിയ പോർച്ചുഗലിന്റെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് രാജി വെച്ചിരുന്നു. ഈ ഒഴിവിലാണ് മാർടിനെസ് എത്തുന്നത്.

ലോകത്തെ ഏറ്റവും മികച്ച നിരയുള്ള ദേശീയ ടീമുകളി​ലൊന്നിനെ പരിശീലിപ്പിക്കാൻ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മാർടിനെസ് പറഞ്ഞു.

ഇംഗ്ലീഷ് ലീഗിൽ വിഗാൻ പരിശീലകനായി തുടങ്ങിയ മാർടിനെസ് നാലു വർഷം ടീമിനൊപ്പം ചെലവിട്ട ശേഷം എവർടണെയും പരിശീലിപ്പിച്ചു. മാർടിനെസിനു കീഴിൽ വിഗാൻ 2013ലെ എഫ്.എ കപ്പ് ചാമ്പ്യൻമാരായിരുന്നു. 2016ലാണ് ബെൽജിയം ദേശീയ ടീമിനൊപ്പം ചേരുന്നത്. 2018 ലോകകപ്പിൽ ടീം മൂന്നാമ​തെത്തിയതോടെ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും പിടിച്ചു. ഖത്തർ ലോകകപ്പിനെത്തുമ്പോൾ ടീം രണ്ടാമന്മാരായിരുന്നു.

പോർച്ചുഗൽ സാന്റോസിനു കീഴിൽ 2016ലെ യൂറോ ചാമ്പ്യന്മാരായതിനു പുറമെ 2018-19 നേഷൻസ് ലീഗ് കിരീടവും നേടി. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവസരം നൽകുന്നതിൽ പിശുക്ക് കാട്ടി മാധ്യമ ശ്രദ്ധ നേടിയ ഖത്തർ ലോകകപ്പിൽ ക്വാർട്ടറിനപ്പുറത്തേക്ക് കടക്കാനാവാതെ ടീം മടങ്ങി. ഗ്രൂപ് ഘട്ടത്തിൽ ഒരു ജയം മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.

ലോകകപ്പ് കളിച്ച 26 പേരാണ് നിലവിലെ തന്റെ സ്ക്വാഡെന്നും റൊണാൾഡോയുണ്ടെന്നും ടീമിനെ കുറിച്ച ചോദ്യങ്ങൾക്ക് മാർടിനെസ് പറഞ്ഞു. കളത്തിലെ പ്രകടനം പരിഗണിച്ചാകും തീരുമാനമെടുക്കുകയെന്നും ഓഫീസിലിരുന്നുള്ള വാക്കുകൾക്ക് പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു.19 വർഷം ദേശീയ ടീമിനെ ഉയരങ്ങൾ പിടിക്കാൻ സഹായിച്ച താരമെന്ന ആദരം ക്രിസ്റ്റ്യാനോക്ക് നൽകുമെന്നും മാർടിനെസ് പറയുന്നു.

ബെൽജിയം ടീമിന്റെ സുവർണ തലമുറയായ കെവിൻ ഡിബ്രുയിൻ, എഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു എന്നിവരടങ്ങുന്ന നിരക്കപ്പുറത്ത് പുതുതലമുറയെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിൽ മാർടിനെസ് പരാജയപ്പെട്ടെന്ന് വിമർശനമുയർന്നിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഇത്തവണ ഗ്രൂപ് ഘട്ടം കടക്കാനാവാതെ പുറത്താകൽ. 

Tags:    
News Summary - Portugal: Roberto Martinez appointed head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.