ധരാങ്: കോൺഗ്രസ് ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുകയും പാകിസ്ഥാൻ വളർത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1962 ചൈനീസ് അധിനിവേശത്തിൽ നെഹ്രു ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അസമിൽ കോൺഗ്രസ് സർക്കാറിന്റെ തെറ്റുകൾ പരിഹരിക്കുകയാണ് ബി.ജെ.പിയെന്നും മോദി പറഞ്ഞു.
കോൺഗ്രസ് ഭരണ കാലത്ത് കൃഷി ഭൂമിയിലും ആരാധനാലയങ്ങളിലും വ്യാപകമായ കൈയ്യേറ്റങ്ങളുണ്ടായി. എൻ.ഡി.എ സർക്കാർ രൂപീകരിച്ചതിന് ശേഷം ആ തെറ്റുകൾ തിരുത്താനും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ അസമിലെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ലക്ഷക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിച്ചതായും മോദി അവകാശപ്പെട്ടു.
ഭാരതരത്‌ന അവാർഡ് ജേതാവും ഗായകനും സംഗീതസംവിധായകനുമായ ഭൂപൻ ഹസാരികയെ കോൺഗ്രസ് പാർട്ടി അപമാനിച്ചതിൽ തനിക്ക് വേദനയുണ്ടെന്ന് മോദി പറഞ്ഞു. 1962-ലെ ചൈനീസ് ആക്രമണത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അസം ജനതയ്ക്ക് നൽകിയ മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ല. ആത്മീയ നേതാവ് ശിവകുമാര സ്വാമിക്ക് പകരം ഒരു ഗായകന് അവാർഡ് നൽകിയതിൽ 2019-ൽ കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെ മോദി സർക്കാരിനെ വിമർശിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം എന്നും മോദി പറഞ്ഞു.
അസമിലെ ധരാങ് ജില്ലയിൽ മെഡിക്കൽ കോളജ്, നഴ്സിങ് കോളജ്, കാംരൂപിനെയും ധരാങിനെയും ബന്ധിപ്പിക്കുന്ന ഗുവാഹത്തി റിങ് റോഡ് എന്നിങ്ങനെ 6,300 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി അനാവരണം ചെയ്തു. ഞായറാഴ്ച വൈകീട്ട് അദ്ദേഹം കൊൽക്കത്തക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.