ടി.വിക്കും കുരുക്ക്; വില കൂടില്ല

ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിട്ട കേന്ദ്രം ടി.വി ഇറക്കുമതിക്കും കുരുക്കിട്ടത് വില കൂടാൻ കാരണമാകില്ല. സാധാരണ നമ്മൾ വാങ്ങുന്ന ടി.വി ബ്രാൻഡുകളായ സാംസങ്, എൽജി, സോണി, ഷവോമി തുടങ്ങിയവ ഇന്ത്യയിൽ ഭൂരിഭാഗം ടി.വി െസറ്റുകളും ഘടകഭാഗങ്ങളും നിർമിക്കുന്നുണ്ട്.

ലക്ഷത്തിലധികം വിലവരുന്ന 55 ഇഞ്ചിന് മുകളിലുള്ള മോഡലുകളാണ് ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ വിപണിവിഹിതമാകട്ടെ 20 ശതമാനം മാത്രമാണ്. വിൽക്കുന്ന ടി.വികളിൽ സാംസങ് 65 ശതമാനവും ഷവോമി 85, ടി.സി.എൽ 70, സോണി 99, എൽജി 96 ശതമാനം വീതവും ഇന്ത്യയിൽ തന്നെ നിർമിക്കുന്നവയാണ്. അതുകൊണ്ട് ഉടൻ വില കൂടില്ലെന്നാണ് വിദഗ്​ധർ പറയുന്നത്. 

ഡയറക്ടറേറ്റ്​ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കളർ ടി.വി സെറ്റുകളുടെ ഇറക്കുമതിക്കാണ് നിയന്ത്രണം. ഇറക്കുമതി പൂർണമായി നിരോധിക്കുകയല്ല. ഇറക്കുമതി ചെയ്യുന്നവർ ഡി.ജി.എഫ്.ടിയിൽനിന്ന് ലൈസൻസ് വാങ്ങണം എന്ന്​ നിർദേശം വെക്കുകയാണ്​ ചെയ്​തിരിക്കുന്നത്​.

പ്രാദേശിക ഉൽപാദനം കൂട്ടാൻ ചൈനീസ് ടി.വികളുടെ വരവ് പരിശോധിക്കുകയാണ് ലക്ഷ്യം.  അടുത്തിടെ ഇന്ത്യയിലെ ടി.വി നിര വിപുലമാക്കിയ ചൈനീസ് കമ്പനി വൺപ്ലസ് ഇപ്പോഴും ചില ടി.വികൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. വു ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന കമ്പനിയാണ്.

സാംസങ്, ഷവോമി, ടി‌സി‌എൽ എന്നിവക്ക് വലിയ സ്‌ക്രീനുള്ള പ്രീമിയം മോഡലുകൾക്കായി പുതിയ പ്രൊഡക്​ഷൻ ലൈനുകൾ സ്ഥാപിക്കാൻ പദ്ധതിയില്ല. കുറഞ്ഞ ആവശ്യക്കാർ മാത്രമുള്ളതിനാൽ അവ ഇറക്കുമതി ചെയ്യാൻ ലൈസൻസുകൾ വാങ്ങാനാണ് അവർ ലക്ഷ്യമിടുന്നത്.

നിലവിൽ ഇറക്കുമതി ചെയ്യുന്ന 75 ഇഞ്ച് പ്ലസ് പ്രീമിയം മോഡലുകൾക്ക് ലൈസൻസിനുള്ള വഴി എൽജിയും സോണിയും നോക്കുന്നുണ്ട്.ഇന്ത്യൻ ടി.വി വ്യവസായം 25,000 കോടി രൂപയുടേതാണെന്ന് കണക്കുകൾ പറയുന്നു. പ്രതിവർഷം 1.7 കോടി ടി.വികളാണ് വിൽക്കുന്നത്. ഇതിൽ 35 ശതമാനം ടി.വികളുടെയും 60 ശതമാനം ഘടകങ്ങളും ചൈനയിൽനിന്ന് വരുന്നതാണ്. 

2019 സാമ്പത്തിക വർഷത്തെ ടി.വി ഇറക്കുമതി 7,120 കോടിയുടേതായിരുന്നു. 2020ൽ ഇത് 5,514 കോടിയാണ്. ഇതിൽ 36 ശതമാനവും ചൈനയും തായ്​ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ് എന്നിവയും ജർമനിയുമാണ് കൈയടക്കിയിരിക്കുന്നത്.

വിയറ്റ്നാമി​െൻറ സംഭാവന 3,206 കോടിയും ചൈനയുടേത് ഏകദേശം 2,187 കോടിയുടേതുമാണ്. ഈ ഇറക്കുമതി ചെയ്യുന്നതിൽ കൂടുതലും പേരുപോലും കേട്ടിട്ടില്ലാത്ത കമ്പനികളായിരിക്കും. ഈ വർഷം ജനുവരിയിൽ സാംസങ് ആന്ധ്രയിലെ തിരുപ്പതിയിലെ നിർമാണ കേന്ദ്രത്തിലടക്കം എൽ.ഇ.ഡി ടിവികൾ നിർമിക്കാൻ നോയിഡ ആസ്ഥാനമായ ഡിക്സൺ ടെക്നോളജീസുമായി കരാറിലെത്തിയിരുന്നു.

ഡിക്സൺ ടെക്നോളജീസ് പാനസോണിക്, ഷവോമി, സ്കൈവർത്ത് തുടങ്ങിയവക്കായും ടി.വികൾ നിർമിച്ചുകൊടുക്കുന്നുണ്ട്. സാംസങ്ങും വൺപ്ലസും ടി.വി നിർമിക്കാൻ സ്കൈവർത്തുമായി സഹകരിക്കുമെന്ന് ജൂണിൽ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.