ദശാബ്ദങ്ങളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും തൊഴിൽ മേഖലയുടെയും പ്രധാന നെടുംതൂണുകളിൽ ഒന്നായിരുന്നു ഐ.ടി സെക്ടർ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, ഇപ്പോൾ പുതിയ തൊഴിലവസരങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കപ്പെടുന്നില്ലെന്നും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു. കമ്പനികൾ ഇപ്പോൾ മുഴുവനായും എ.ഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എക്സ് പോസ്റ്റിലാണ് തൊഴിൽ വളർച്ചയിലെ മാന്ദ്യത്തെ കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയത് "അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ആഗോള സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങൾക്കായി എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നതാണ് യഥാർഥ പ്രശ്നം," അദ്ദേഹം എഴുതി. തങ്ങളുടെ കമ്പനിയായ സോഹോ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി പുതിയ തൊഴിലവസരങ്ങൾ അധികം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇൻഫോസിസ്, ഒറാക്കിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളിലെല്ലാം കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് ഐ.ടി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. എ.ഐയുടെ അതിവേഗത്തിലുള്ള കടന്നുവരവാണ് കമ്പനികളെ ഇതിലേക്ക് നയിച്ചത്.
പുതിയ ജീവനക്കാരെ നിയമിക്കാൻ കമ്പനികൾ സാധാരണയായി ഉപയോഗിക്കുന്ന തുക ഇപ്പോൾ എ.ഐ ടൂളുകൾക്കും ഡാറ്റാ സെന്‍ററുകൾക്കായി നിക്ഷേപിക്കുകയാണെന്ന് സോഹോ സ്ഥാപകൻ പറയുന്നു. സെർവർ, മെമ്മറി വിലയിലുണ്ടായ വൻ വർധനവ് കാരണം ഡാറ്റാ സെന്‍റർ ചെലവുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ഈ വർഷം മാത്രം എ.ഐക്ക് നൂറുകണക്കിന് ബില്യൻ ഡോളറാണ് ചെലവഴിക്കുന്നത്. എച്ച്.സി.എൽ ടെക്, ടി.സി.എസ് തുടങ്ങിയ ഇന്ത്യൻ കമ്പനികളും ഇന്ത്യയിൽ ഡാറ്റാ സെന്‍ററുകൾ നിർമിക്കുന്നുണ്ട്.
സോഫ്റ്റ്‌വെയർ നിർമിക്കുന്നതിനും കോഡിങ്ങിനുമായി എ.ഐ ടൂളുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ശ്രീധർ വെമ്പു ആശങ്ക പ്രകടിപ്പിച്ചു. സോഫ്റ്റ്‌വെയർ മേഖല കൂടുതൽ സങ്കീർണമാവുകയും, വളർച്ച മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.