മറ്റുള്ളവരുടെ കണ്ടന്‍റുകൾ റീപോസ്റ്റ് ചെയ്യുന്നവരാണോ? കണ്ടന്‍റ് ഒറിജിനലല്ലെങ്കിൽ ഇനി പണി കിട്ടും; പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം പങ്കുവെക്കുന്നതിന്‍റെ ഭാഗമായി പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് യൂട്യൂബ്. മറ്റുള്ളവരുടെ ക്ലിപ്പുകൾ റീപോസ്റ്റ് ചെയ്യുന്നതിനെ മാത്രം ആശ്രയിക്കുന്ന ചാനലുകൾക്ക് ഇനി കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവുണ്ടായേക്കാം.

അതെ, ഒറിജിനൽ കണ്ടന്റുകൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ട് യൂട്യൂബ് ഷോർട്സ് റെക്കമൻഡേഷൻ സിസ്റ്റത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. കാര്യമായ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ മറ്റുള്ളവരുടെ വീഡിയോകൾ അതുപോലെ അപ്‌ലോഡ് ചെയ്യുന്ന ചാനലുകൾക്ക് ഇനി ഷോർട്സ് ഫീഡിൽ റീച്ച് കുറയും.

കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനും സ്വന്തമായി ഒറിജിനൽ കണ്ടന്റ് നിർമ്മിക്കുന്ന ക്രിയേറ്റർമാർക്ക് വളർച്ചക്കുള്ള അവസരം ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് യൂട്യൂബ് വ്യക്തമാക്കി. മറ്റുള്ളവരുടെ ക്ലിപ്പുകൾ റീമിക്സ് ചെയ്യുന്നവർ അതിൽ സ്വന്തം രീതിയിലുള്ള യഥാർത്ഥ മൂല്യം ചേർക്കേണ്ടതുണ്ട്. സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ വെറുതെ വിവരിക്കുന്ന വോയ്‌സ്‌ഓവർ നൽകുക, ചെറിയ സാങ്കേതിക മാറ്റങ്ങൾ വരുത്തുക, അല്ലെങ്കിൽ ടെംപ്ലേറ്റുകൾ ഉപയോഗിച്ച് വലിയ തോതിൽ മാറ്റങ്ങളില്ലാതെ വീഡിയോകൾ ചെയ്യുക എന്നിവയൊന്നും പുതിയ നയപ്രകാരം പര്യാപ്തമല്ല. പകരം സ്വന്തമായുള്ള വിവരണം, വിശകലനം , സ്റ്റോറി ടെല്ലിംഗ് എന്നിവ ഉൾപ്പെടുത്താനാണ് യൂട്യൂബ് നിർദ്ദേശിക്കുന്നത്.

മറ്റുള്ളവരുടെ സിനിമകൾ, സ്ട്രീമുകൾ, ജനപ്രിയ വീഡിയോകൾ എന്നിവയിൽ നിന്നുള്ള ക്ലിപ്പുകൾ കാര്യമായ മാറ്റങ്ങളില്ലാതെ പങ്കുവെക്കുന്ന പേജുകൾ, ചാനലുകൾ, ഫാൻ അക്കൗണ്ടുകൾ എന്നിവരെയാണ് ഈ അപ്ഡേറ്റ് പ്രധാനമായും ബാധിക്കുക. ഇന്ത്യയിലെ ഷോർട്സ് ചാനലുകളിൽ ഇത്തരം രീതികൾ വ്യാപകമാണ്.

ഈ അപ്ഡേറ്റ് വീഡിയോകളുടെ റീച്ചിനെയും റെക്കമൻഡേഷനെയുമാണ് ബാധിക്കുന്നത്. നേരിട്ടുള്ള വരുമാനത്തെ ഇത് ബാധിക്കില്ല. എങ്കിലും മറ്റുള്ളവരുടെ കണ്ടന്റുകൾ ഉപയോഗിക്കുന്ന ചാനലുകൾക്ക് നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ വരുമാനം നേടാൻ പ്രയാസമാണ്. ചുരുക്കത്തിൽ റീപോസ്റ്റുകളെ മാത്രം ആശ്രയിക്കുന്ന ചാനലുകൾക്ക് കുറഞ്ഞ വരുമാനവും ഒപ്പം കാഴ്ചക്കാരുടെ കുറവും ഒരുപോലെ നേരിടേണ്ടി വന്നേക്കാം.

ലോംഗ്-ഫോം വീഡിയോകളിൽ നിന്ന് ഷോർട്സ് കട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുന്ന രീതിയെക്കുറിച്ച് ഈ പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല. മറ്റുള്ളവരുടെ കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്ന ചാനലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുമ്പ് റീപോസ്റ്റുകളെ ആശ്രയിച്ചിരുന്ന ചാനലുകൾ ഒറിജിനൽ കണ്ടന്റുകളിലേക്ക് മാറുകയാണെങ്കിൽ റെക്കമൻഡേഷൻ സിസ്റ്റം അവയുടെ റീച്ച് പുനർമൂല്യനിർണ്ണയം ചെയ്യും. എന്നാൽ ഇതിന് എത്ര സമയം എടുക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. പുതിയ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ ക്രയേറ്റർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

  • സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കി ഷോർട്സ് നിർമ്മിക്കുക
  • മറ്റുള്ളവരുടെ ക്ലിപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ വെറുതെ വിവരണം നൽകുന്നതിന് പകരം ആധികാരികമായ വിശകലനമോ അഭിപ്രായമോ ചേർക്കുക
  • മറ്റുള്ളവരുടെ വിഡിയോകളും ടെംപ്ലേറ്റുകളും ഉപയോഗിച്ച് കൂട്ടത്തോടെ ഷോർട്സ് നിർമ്മിക്കുന്നത് ഒഴിവാക്കുക
Tags:    
News Summary - youtube new update about shorts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.