പേയ്‌മെന്റിന്റെ പുതിയ ‘ആപ്പിൾ വഴി’

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ആപ്പിൾ പേ സേവനം ആരംഭിച്ചു. നിലവിൽ ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളാണ് ആപ്പിൾ പേയിൽ ചേർക്കാനാകുക. കൂടുതൽ ബാങ്കുകളെയും കാർഡുകളെയും പിന്നീട് ഉൾപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി.

യഥാർഥ കാർഡ് നമ്പർ സൂക്ഷിക്കില്ല

വാലെറ്റ് ആപ്പിൽ കാർഡ് ചേർത്ത ശേഷം കോൺടാക്റ്റ്‌ലെസ് ടെർമിനലിൽ ഐഫോണോ ആപ്പിൾ വാച്ചോ ടാപ്പ് ചെയ്ത് പണമടക്കാം. സുരക്ഷക്കും സ്വകാര്യതക്കും മുൻഗണന നൽകുന്ന രീതിയിലാണ് ആപ്പിൾ പേ രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ യഥാർഥ കാർഡ് നമ്പറുകൾ ഉപകരണത്തിലോ ആപ്പിളിന്റെ സെർവറുകളിലോ സൂക്ഷിക്കില്ല. പകരം, ‘സെക്യൂർ എലമെന്റ്’ വഴി എൻക്രിപ്റ്റ് ചെയ്ത ‘ഡിവൈസ് അക്കൗണ്ട് നമ്പർ’, കാർഡ് ടോക്കണൈസേഷൻ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. പേയ്‌മെന്റ് നടത്തുമ്പോൾ ഒ.ടി.പിയോ പിൻ നമ്പറോ നൽകേണ്ടതില്ല; പകരം ഫേസ് ഐ.ഡി, ടച്ച് ഐ.ഡി അല്ലെങ്കിൽ പാസ്‌കോഡ് വഴി വേഗത്തിൽ ഇടപാടുകൾ പൂർത്തിയാക്കാം. ഇടപാടിനിടെ യഥാർഥ കാർഡ് നമ്പർ വ്യാപാരിയുമായി പങ്കിടുകയുമില്ല. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കാർഡുകൾ കൈയിൽ കരുതുന്നത് ഒഴിവാക്കി ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യം

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങളിൽ ആപ്പിൾ പേ ഉപയോഗിക്കാനാകുമെന്ന് ആപ്പിൾ അറിയിച്ചു. ബ്ലിങ്കിറ്റ്, ക്രോമ, ടാറ്റാ 1 എം.ജി, സൊമാറ്റോ, റിലയൻസ് ബ്രാൻഡുകൾ തുടങ്ങിയ സ്ഥാപനങ്ങളും സേവനം സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്. കാഷ് ഫ്രീ, ജസ്പേ, പേടിഎം, പൈൻ ലാബ്സ്, റേസർ പേ തുടങ്ങിയ ഇന്ത്യയിലെ മുൻനിര പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി സഹകരിച്ചാണ് ആപ്പിൾ പ്രവർത്തനം വിപുലീകരിക്കുന്നത്.

ലഭ്യമായ മോഡലുകൾ

ഐഫോൺ എക്സ് ആറിനും അതിനുശേഷമുള്ള മോഡലുകളിലും ഐ.ഒ.എസ് 18 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പിലും ആപ്പിൾ പേ ഉപയോഗിക്കാം. ആപ്പിൾ വാച്ച് സീരീസ് 6നും അതിനുശേഷമുള്ള മോഡലുകൾക്കും വാച്ച് ഒ.എസ് 11+ അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. മാകിലേക്കുള്ള സേവനം പിന്നീട് ലഭ്യമാക്കും. ലോകത്തെ 90ലധികം രാജ്യങ്ങളിലും മേഖലകളിലും ആപ്പിൾ പേ നിലവിൽ ലഭ്യമാണെന്നും ആപ്പിൾ അറിയിച്ചു.

Tags:    
News Summary - The new ‘Apple way’ of payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.