ജനീവ: ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ പുതിയ കണം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. പദാര്‍ഥങ്ങളെ കുറിച്ചുള്ള സൂക്ഷ്മതല ഗവേഷണത്തിൽ നിർണായക ചുവടുവെപ്പാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷകനായ ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ഭൗതിക ശാസ്ത്രജ്ഞൻ ഗൂയ് വിൽക്കിൻസൺ പറഞ്ഞു. സ്ട്രോങ് ഫോഴ്സ് അഥവാ അതിബലത്തെക്കുറിച്ച് കൂടുതൽ അറിവു പകരാൻ പുതിയ കണ്ടെത്തലിന് ആവുമെന്നും അദ്ദേഹം പറഞ്ഞു.
ജനീവയില്‍ യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ കണികാപരീക്ഷണത്തിനിടയിലാണ് പ്രോട്ടോണിനെക്കാള്‍ നാലുമടങ്ങ് ദ്രവ്യമാനമുള്ള പുതിയ കണത്തെ കണ്ടെത്തിയിരിക്കുന്നത്.
ശക്തിയേറിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹാഡ്രോണുകളെ കൂട്ടിയിടിപ്പിച്ചാണ് കണികാപരീക്ഷണം നടത്തുന്നത്. ക്വാര്‍ക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഹാഡ്രോണിലെ ബാര്യോൺ കുടുംബത്തിലെ ഒരു കണത്തെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങളെല്ലാം ബാര്യോണുകളുടെ ഗണത്തില്‍പെടുന്നവയാണ്. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ഘടകങ്ങളായ ഭാരം കുറഞ്ഞ ഒരു അപ് ക്വാര്‍ക്കും ഭാരമേറിയ രണ്ട് ചാം ക്വാര്‍ക്കുകളും ചേര്‍ന്നതാണ് ഇപ്പോൾ കണ്ടെത്തിയ കണം.
പുതിയ കണ്ടെത്തലിനെക്കുറിച്ച് വെനീസില്‍ നടന്ന ശാസ്ത്രസമ്മേളനത്തില്‍ ഗവേഷകര്‍ വിശദീകരിച്ചു.
ഇത് ‘ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സ്’ ജേണലിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.