ശുക്രനിലേക്ക് രണ്ട് പര്യവേഷണ ദൗത്യങ്ങൾ പ്രഖ്യാപിച്ച് നാസ

വാഷിങ്ടൺ: ഭൂമിയുടെ അയൽ ഗ്രഹമായ ശുക്രനിലേക്ക് രണ്ട് ദൗത്യങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെയാണ് ദൗത്യം ആരംഭിക്കുക.

ഉപരിതലത്തിൽ ലെഡിനെ ഉരുക്കാൻ വരെ സാധിക്കുന്ന വിധത്തിൽ, ജ്വലിക്കുന്ന ഒരു ഗ്രഹമായി ശുക്രൻ എങ്ങിനെ രൂപപ്പെട്ടു എന്നത് സംബന്ധിച്ചാണ് രണ്ട് ദൗത്യങ്ങളും പഠനം നടത്തുകയെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. 500 ദശലക്ഷം യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2028, 2030 വർഷങ്ങളിലാവും ദൗത്യങ്ങൾ. ഡാവിഞ്ചി എന്ന് പേരിട്ട ആദ്യ ദൗത്യം ശുക്രന്‍റെ അന്തരീക്ഷത്തെ വിശകലനം ചെയ്യും. രണ്ടാമത്തെ ദൗത്യമായ വെരിറ്റാസ് ശുക്രന്‍റെ ഉപരിതലത്തെയാണ് പഠിക്കുക.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌. സൂര്യോദയത്തിന്‌ അല്പം മുൻപും സൂര്യാസ്തമയത്തിന്‌ അല്പം ശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക. ഇത് കാരണം ശുക്രനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്‍റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌.

പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ശുക്രനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്. വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്.

മഗല്ലൻ ദൗത്യം വഴി 1990-91 കാലത്താണ് ശുക്രന്‍റെ ഉപരിതലത്തെ അവസാനമായി പഠന വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - NASA Announces Two New Missions To Venus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.