ഹിമയുഗത്തിൽ ജീവിച്ച പക്ഷിയെ കണ്ടെത്തി; പ്രായം 46,000 വർഷം

സ്റ്റോക്ഹോം: ഹിമയുഗത്തിൽ ജീവിച്ചതെന്ന് കരുതുന്ന പക്ഷിയുടെ ജഡം സൈബീരിയയിൽ കണ്ടെത്തി. മഞ്ഞുപാളികൾക്കിടയിൽ കേ ടുകൂടാതെ സംരക്ഷിക്കപ്പെട്ട പക്ഷിയുടെ ജഡത്തിന് 46,000 വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

വടക്കുകിഴക്കൻ സൈബീരിയയിലെ ബെലായ ഗോറ ഗ്രാമത്തിൽ നിന്നാണ് പ്രദേശവാസികൾക്ക് മഞ്ഞിൽ പുതഞ്ഞുകിടന്ന പക്ഷിയുടെ ജഡം ലഭിച്ചത്. ഇവർ ഇത് സ്വീഡിഷ് മ്യൂസിയം ഒാഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകർക്ക് കൈമാറുകയായിരുന്നു.

കാർബൺ ഡേറ്റിങ് സാങ്കേതികവിദ്യയിലൂടെയാണ് 46,000 വർഷം മുമ്പ് ഹിമയുഗത്തിൽ ജീവിച്ചിരുന്ന പക്ഷിയാണിതെന്ന് കണ്ടെത്തിയത്. കൊമ്പൻ വാനമ്പാടി എന്നാണ് കമ്യൂണിക്കേഷൻസ് ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകരായ നിക്കോളാസ് ഡസ്സക്സ്, ലവ് ഡാലെൻ എന്നിവർ പക്ഷിയെ വിശേഷിപ്പിച്ചത്.

ഇന്ന് കാണപ്പെടുന്ന രണ്ടിനം വാനമ്പാടികളുടെ പൂർവികരാവാം ഈ പക്ഷിയെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ഒടുവിലത്തെ ഹിമയുഗത്തിന്‍റെ അവസാനത്തിലുണ്ടായിരുന്ന കാലാവസ്ഥ മാറ്റത്തെക്കുറിച്ചും പുതിയ ഉപ-ജീവിവർഗങ്ങളുടെ ഉത്ഭവത്തെ കുറിച്ചും കണ്ടെത്തലുകൾ സൂചന നൽകുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പക്ഷിയുടെ ജനിതകഘടനയെ കുറിച്ച് പഠിച്ച് ഉപ-ജീവിവർഗങ്ങളുടേതുമായി താരതമ്യം ചെയ്യുമെന്നും ഇത് പരിണാമത്തെ കുറിച്ചുള്ള പഠനത്തിൽ വിലപ്പെട്ടതാകുമെന്നും ഇവർ പറയുന്നു.

ഭൂമിയുടെ താപനിലയിൽ വളരെയധികം കുറവുണ്ടായ ചില സുദീർഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പറയുന്നത്. ഏറ്റവും ഒടുവിലത്തെ ഹിമയുഗം ഏകദേശം 11,000 വർഷം മുൻപ് അവസാനിച്ചതായാണ് കരുതുന്നത്.

Tags:    
News Summary - Frozen bird found in Siberia is 46,000 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.