ലിഥിയം-അയോൺ ബാറ്ററി വികസിപ്പിച്ച മൂന്നു ഗവേഷകർക്ക്​ രസതന്ത്ര നൊബേൽ

സ്​റ്റോക്​ ​ഹോം: പുതിയ കാലത്തി​​െൻറ ഊർജസംഭരണിയായ ലിഥിയം-അയോൺ ബാറ്ററി വികസിപ്പിച്ച മൂന്ന്​ ഗവേഷകർക്ക്​ ഈ വർഷത്തെ രസതന്ത്ര നൊബേൽ. കാലത്തെ മാറ്റിമറിച്ച സ്​മാർട്​ഫോണി​​െൻറ പിറവിയിലേക്ക്​ നയിച്ചതിനൊപ്പം പരമ്പരാഗത ഇന്ധനത്തിന്​ ബദൽ ആയും ലിഥിയം-അയോൺ ബാറ്ററി മാറിയതാണ്​​ അതി​​െൻറ ഉപജ്ഞാതാക്കളെ പുരസ്​കാരത്തിന്​ തെരഞ്ഞെടുക്കാൻ കാരണമെന്ന്​ അവാർഡ്​ സമിതിയായ റോയൽ സ്വീഡിഷ്​ അക്കാദമി പറഞ്ഞു.

പുരസ്​ക്കാര ജേതാക്കളിൽ 97കാരനായ യു.എസ്​ ശാസ്​ത്രജ്ഞൻ ജോൺ ഗൂഡനഫുമുണ്ട്​. ​നൊബേൽ പുരസ്​കാരം ലഭിക്കുന്ന ഏറ്റവും ​പ്രായം കൂടിയ ശാസ്​ത്രജ്ഞനായി ഇതോടെ ഗൂഡനഫ്​ മാറി. ഓസ്​റ്റിനിലെ യൂനിവേഴ്​സിറ്റി ഓഫ്​ ടെക്​സസിൽ എൻജിനീയറിങ്​ വിഭാഗം മേധാവിയാണ്​ പ്രഫ. ഗൂഡനഫ്​.

ന്യൂയോർക്കിലെ ബ്രിഗാംറ്റൺ യൂനിവേഴ്​സിറ്റി പ്രഫസറായ സ്​​റ്റാൻലി വിറ്റിംഹാം(77), ജപ്പാനിലെ മെയ്​ജോ യൂനിവേഴ്​സിറ്റി പ്രഫസറായ ​അകിര യോഷിനോ (71) എന്നിവരാണ്​ പുരസ്​കാരം ലഭിച്ച മറ്റുള്ളവർ. ഒമ്പത്​ ദശലക്ഷം സ്വീഡിഷ്​ ക്രൊണോ (ആറരക്കോടി രൂപ)ആണ്​ സമ്മാനത്തുക. ഇതു മൂന്നു ​പേരും തുല്യമായി പങ്കിടും. ഡിസംബർ 10നാണ്​ പുരസ്​കാരദാനം. വൈദ്യുത വാഹനങ്ങളിലും മൊബൈൽ ഫോൺ മുതൽ ലാപ്​ ടോപ്​ വരെ ഒട്ടുമിക്ക ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം-അയോൺ ബാറ്ററി ഇന്ന്​ സർവവ്യാപിയാണെന്നും കൂടിയ ഊർജശേഷിയും ഭാരക്കുറവും വീണ്ടും ചാർജ്​ ചെയ്യാമെന്നതും അതി​​െൻറ പ്രധാന സവിഷേതകളാണെന്നും സമിതി വിലയിരുത്തി.

1991ൽ വിപണിയിൽ ഇറങ്ങിയ അന്നു മുതൽ മനുഷ്യജീവിതത്തെ മാറ്റിത്തീർത്ത ബാറ്ററി മാനവരാശിക്ക്​ ഏറ്റവും പ്രയോജനകരമായ കണ്ടെത്തൽ കൂടിയാണെന്ന്​ സമിതി പറഞ്ഞു. ഗൂഡനഫ്​ വികസിപ്പിച്ച പ്രത്യേക കാഥോഡ്​ (വൈദ്യുതചാലക ലോഹം) ആണ്​ സഹപ്രവർത്തകനായ വിറ്റിംഹാം നിർമിച്ച ബാറ്ററിയിൽ ഉപയോഗിച്ചത്​. ഈ ബാറ്ററി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള പരിശ്രമങ്ങൾ നടത്തിയത്​ പ്രഫസർ യോഷിനോയാണ്​. ഈ രീതിയി​െല കൂട്ടായ പരിശ്രമം കണക്കിലെടുത്താണ്​ മൂന്നുപേരെയും പുരസ്​ക്കാരത്തിന്​ തെരഞ്ഞെടുത്തത്​.

Tags:    
News Summary - Chemistry Nobel goes to three scientists for developing lithium-ion batteries-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.