99 ദശലക്ഷം വർഷം മുമ്പ് മരപ്പശയിൽ കുടുങ്ങി; ചിലന്തിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി ഗവേഷകർ

99 ദശലക്ഷം വർഷം മുമ്പ് മരപ്പശയിൽ (ആമ്പർ) കുടുങ്ങിയ ചിലന്തിയെയും കുഞ്ഞുങ്ങളെയും ഗവേഷകർ കണ്ടെത്തി. ലഗോനോമെഗോപീഡീയെ കുടുംബത്തിൽ പെട്ട, ഇപ്പോൾ വംശനാശം സംഭവിച്ചുകഴിഞ്ഞ ചിലന്തിയുടെയും മുട്ടവിരിഞ്ഞ് പുറത്തിറങ്ങാറായ കുഞ്ഞുങ്ങളുടെയും ഫോസിലാണ് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മരപ്പശക്കുള്ളിൽ സംരക്ഷിക്കപ്പെട്ട നിലയിൽ മ്യാന്മറിൽ കണ്ടെത്തിയത്. ദ റോയൽ സൊസൈറ്റിയുടെ ശാസ്ത്രജേണലിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.

കാർബോണിഫെറസ് കാലഘട്ടത്തിൽ 359 ദശലക്ഷം വർഷത്തിനും 299 ദശലക്ഷം വർഷത്തിനും ഇടയിൽ ചിലന്തി വർഗം രൂപപ്പെട്ടതായാണ് ശാസ്ത്രലോകം പറയുന്നത്.

ഒരു പെൺചിലന്തിയും മുട്ടയിൽ നിന്ന് വിരിയാറായ കുഞ്ഞുങ്ങളുമാണ് ആമ്പറിനുള്ളിൽ സംരക്ഷിക്കപ്പെട്ടതെന്ന് യൂനിവേഴ്സിറ്റി ഓഫ് കൻസാസിലെ പ്രഫ. പോൾ സെൽഡൻ പറയുന്നു. മരത്തിന്‍റെ പുറംതൊലിയിലെ വിള്ളലിൽ കൂടുകൂട്ടിയ ജീവനുള്ള പെൺ ചിലന്തി എങ്ങനെയാണ് കാണപ്പെടുന്നതെന്ന് നൂറ്റാണ്ടുകൾക്ക് ശേഷം വ്യക്തമാക്കുന്നതാണിതെന്ന് അദ്ദേഹം പറയുന്നു.

മറ്റൊരു ആമ്പറിൽ വിരിഞ്ഞിറങ്ങിയ ഉടനെയുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പെൺചിലന്തിയുടെ കാലിന്‍റെ ഒരു ഭാഗവും ഇതിൽ കാണാം. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മ സംരക്ഷിക്കുകയാണെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

കാലങ്ങൾക്കപ്പുറത്ത് സംഭവിച്ച ഒരു സന്ദർഭത്തെ മനോഹരമായി അടുക്കിവെച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടെത്തിയ ആമ്പറിന്‍റെ പ്രത്യേകത. സി.ടി സ്കാനിങ്ങിന്‍റെയും ത്രീഡി ഡീറ്റെയിലിങ്ങിന്‍റെയും ഭാഗമായാണ് വിശദമായ ചിത്രങ്ങൾ ലഭിച്ചത്.

ലഗോനോമെഗോപീഡീയെ കുടുംബത്തിലെ ചിലന്തികൾക്ക് തലയുടെ കോണുകളിലായി വലിയ കണ്ണുകളാണുള്ളത്. പൂച്ചകളുടെ കണ്ണിൽ കാണുന്നതിന് സമാനമായി, പ്രതിഫലന ശേഷിയുള്ള ടപീറ്റം ഇവയുടെ കണ്ണിലുണ്ട്. രാത്രിയിൽ ഇരപിടിക്കാൻ അനുഗുണമായ പ്രത്യേകതയാണിത്.

മാതൃപരമായ സവിശേഷതകളുള്ള ജീവികളാണ് ചിലന്തികൾ. എന്നാൽ, ഫോസിൽ രൂപത്തിലുള്ള ഉദാഹരണങ്ങൾ കണ്ടെത്തിയത് അപൂർവമാണ്. നൂറു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ ചിലന്തികൾ മാതൃത്വപരമായ പ്രത്യേകത കാണിച്ചിരുന്നുവെന്ന് അറിയാനായതിൽ സന്തോഷമുണ്ടെന്ന് പ്രഫ. പോൾ സെൽഡൻ പറയുന്നു.

ഫോസിലാക്കപ്പെട്ട മരപ്പശയാണ് ആമ്പര്‍ എന്നറിയപ്പെടുന്നത്. മരങ്ങളുടെ ഒടിഞ്ഞ കൊമ്പില്‍ നിന്നോ മറ്റോ ടാര്‍ പോലെ ഒഴുകിയെത്തുന്ന ചുവപ്പ് നിറമുള്ള മരപ്പശ ഉണങ്ങി കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ആമ്പര്‍ (amber) ആയി രൂപപ്പെടുന്നു. ആമ്പറിൽ ഏതെങ്കിലും ജീവി കുടുങ്ങുകയാണെങ്കിൽ അതിന്‍റെ ശരീരവും ലക്ഷക്കണക്കിന് വർഷങ്ങളോളം സംരക്ഷിക്കപ്പെടുന്നു. 

Tags:    
News Summary - Ancient spider caring for her offspring is trapped in 99 million year old amber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.