ന്യൂയോര്‍ക്: ശരീരത്തിന്‍െറ നീളം അല്‍പം കൂട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സാമാന്യം ദീര്‍ഘമായ ഒരു ബഹിരാകാശ യാത്ര നടത്തട്ടെയെന്നാണ് ശാസ്ത്രലോകം നമ്മോട് പറയുന്നത്. സംഭവം ശരിയാണ്. ഒരു വര്‍ഷത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ച് കഴിഞ്ഞയാഴ്ച ഭൂമിയില്‍ തിരിച്ചത്തെിയ അമേരിക്കന്‍ ഗഗനചാരി സ്കോട് കെല്ലിക്ക് രണ്ട് ഇഞ്ചിനടുത്താണ് നീളം കൂടിയിരിക്കുന്നത്. ഇക്കാര്യം സ്കോടിനെ ബഹിരാകാശത്തേക്ക് അയച്ച നാസ സ്ഥിരീകരിക്കുകയും അതിന്‍െറ കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 
ബഹിരാകാശ നിലയത്തില്‍ ഗുരുത്വാകര്‍ഷണമില്ലാത്തതാണ് ഇതിന്‍െറ അടിസ്ഥാന കാരണം. ഗുരുത്വാകര്‍ഷണത്തിന്‍െറ അഭാവത്തില്‍ നട്ടെല്ല് വലിയുമ്പോഴാണ് ശരീരത്തിന്‍െറ നീളം കൂടുന്നത്. എന്നാല്‍, ഈ നീളക്കൂടുതല്‍ സ്ഥിരമല്ല. ഭൂമിയിലത്തെി കുറച്ചുകാലം കഴിയുമ്പോള്‍ പഴയ നീളത്തിലേക്കുതന്നെ തിരിച്ചത്തെും. സ്കോട് കെല്ലിയുടെ കാര്യത്തില്‍ നമുക്ക് അത് നേരിട്ട് കാണാം. നമ്മുടെ നട്ടെല്ലിനെ കൃത്യസ്ഥാനത്ത് നിലനിര്‍ത്തുന്നതിനും അതിന്‍െറ വലുപ്പത്തിന്‍െറ കാര്യത്തില്‍ സന്തുലനം പാലിക്കുന്നതിനും ഗുരുത്വാകര്‍ഷണത്തിനും പങ്കുണ്ട് എന്നുകൂടി ഇത് വ്യക്തമാക്കുന്നു. 
നീളവ്യത്യാസത്തിനു പുറമെ, ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തില്‍ വേറെയും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലതിന്‍െറയും കാരണം ഇപ്പോഴും അജ്ഞാതമാണ്. അവയില്‍ ചിലതെല്ലാം കണ്ടുപിടിക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയായിരുന്നു സ്കോട് കെല്ലിയെ നാസ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്‍െറ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന് അനുബന്ധമായി അവതരിപ്പിച്ച ‘ഇരട്ട പ്രഹേളിക’ എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ്. രണ്ട് അറ്റോമിക് ക്ളോക്കുകളില്‍ ഒരെണ്ണം ഭൂമിയില്‍ സൂക്ഷിക്കുകയും മറ്റേത് കുറച്ചുനാളത്തെ ശൂന്യാകാശയാത്രക്കുശേഷം തിരിച്ചുകൊണ്ടുവരുകയും ചെയ്താല്‍ അതിലെ സമയം ഭൂമിയില്‍ വെച്ച ക്ളോക്കിനെക്കാള്‍ കുറവായിരിക്കുമെന്നായിരുന്നു ഐന്‍സ്റ്റൈന്‍െറ വാദം. ഇതിനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മറ്റൊരുദാഹരണം പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിങ്ങനെയാണ്: ഇരട്ടകളില്‍ ഒരാള്‍ ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്നു. രണ്ടു വര്‍ഷത്തിനുശേഷം യാത്രികന്‍ തിരിച്ചത്തെുമ്പോഴേക്കും ഇവിടെയുണ്ടായിരുന്നയാള്‍ പടുവൃദ്ധനായിരിക്കും. യാത്രചെയ്തയാള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമുണ്ടാകില്ല. 
ഇക്കാര്യം ഭാഗികമായി പരീക്ഷിക്കാന്‍ കൂടിയാണ് സ്കോട് കെല്ലി ബഹിരാകാശ യാത്ര നടത്തിയത്. സ്കോട് ബഹിരാകാശത്തേക്ക് പോകുമ്പോള്‍, അദ്ദേഹത്തിന്‍െറ ഇരട്ട സഹോദരന്‍ മാര്‍ക് കെല്ലി (ഇദ്ദേഹവും മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്) ഭൂമിയില്‍ മറ്റു ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇരട്ട സഹോദരങ്ങളെ നിരീക്ഷണവിധേയമാക്കുന്നതിലൂടെ ബഹിരാകാശ യാത്ര മനുഷ്യരിലുണ്ടാക്കുന്ന ശാരീരികവും മാനസികവും ജനിതകപരവുമായ മാറ്റങ്ങള്‍ തിരിച്ചറിയാനാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.