ചെമ്പുവാലന്‍ പാറക്കിളിയെ ഹരിപ്പാട് കണ്ടെത്തി

സംസ്ഥാനത്ത് ആദ്യമെന്ന് കരുതപ്പെടുന്ന ദേശാടനപക്ഷിയായ ചെമ്പുവാലന്‍ പാറക്കിളിയെ കണ്ടെത്തി. ഹരിപ്പാട് എന്‍.ടി.പി.സി താപവൈദ്യുതി നിലയത്തിന്‍െറ ഉടമസ്ഥതയിലുള്ളതും ഹരിപ്പാട് മെഡിക്കല്‍ കോളജിനായി പരിഗണിക്കപ്പെട്ടിട്ടുള്ള സ്ഥലത്താണ് ഇതിനെ കണ്ടത്. ഇവിടെ പക്ഷിനിരീക്ഷകനായ എസ്.ആര്‍. പ്രശാന്ത്കുമാറാണ് ഈ ചെറുകിളികള്‍ ഇരതേടുന്ന ചിത്രം പകര്‍ത്തിയത്. പക്ഷികളെ തിരിച്ചറിയാനുള്ള ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കോയമ്പത്തൂര്‍ സാലിം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിതോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയില്‍ ഈ ചിത്രം അയച്ചുകൊടുത്തു. ഇവര്‍ അത്യപൂര്‍വ ഇനമായതിനാല്‍ വിശദമായ തിരിച്ചറിയലിനായി യൂറോപ്പിലെ പക്ഷിനിരീക്ഷകരുടെ സഹായം തേടുകയായിരുന്നു. ഇവിടെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായ ഡോ. രാജാ ജയപാലും പ്രമുഖ പക്ഷിനിരീക്ഷകനായ പ്രവീണും വിശദാംശങ്ങള്‍ക്കായി യൂറോപ്യന്‍ പക്ഷിനിരീക്ഷകരായ ഓറിയന്‍റല്‍ ബോര്‍ഡ് ഇമേജ് എഡിറ്റര്‍ എഫില്‍സ് ഗൈഡ് ഓഫ് ബോര്‍ഡ്സ് ഇന്‍ ഇന്ത്യന്‍ സബ് കോണ്‍ട്രിനെന്‍റ് എന്ന ഗ്രന്ഥത്തിന്‍െറ സഹഗ്രന്ഥകാരനായ ക്രസിന് ചിത്രങ്ങള്‍ അയച്ചുകൊടുത്തപ്പോഴാണ് ചെമ്പുവാലന്‍ പാറക്കിളിയുടെ ആണ്‍ ഇനമാണിതെന്ന് കണ്ടത്തെിയത്.

 ചെമ്പുവാലന്‍ പാറക്കിളി
 

യൂറോപ്പിന്‍െറ മധ്യഭാഗത്തെയും തെക്ക് ഭാഗത്തെയും രാജ്യങ്ങളിലും വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും വടക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ പക്ഷിയെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണ കാണാറില്ല. റൂഫഡ് ടെയില്‍ഡ് റോക് ത്രഷ് എന്ന ഇംഗ്ളീഷ് നാമത്തിലറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ‘മോണ്‍ട്രിക്കോള സാക്സാടൈലിസ്’ എന്നാണ്. സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്ററിനും 4500നും മധ്യേയുള്ള പാറകള്‍ നിറഞ്ഞ ചരല്‍കുന്നുകളിലും ജീര്‍ണിച്ച കോട്ടകള്‍ക്ക് സമീപവും മലമ്പ്രദേശത്തെ തുറസ്സായ പറമ്പുകളിലുമാണ് ഇവയെ കാണാനാകുക. 17 മുതല്‍ 20 സെ.മീ. വരെ നീളമുള്ള ഈ പക്ഷികള്‍ക്ക് ഏകദേശം 37 മുതല്‍ 70 ഗ്രാംവരെ തൂക്കമുണ്ടാകും. ആണ്‍കിളികളുടെ തല ചാരംപുരണ്ട നീലനിറമുള്ളവയാണ്. ശരീരത്തിന്‍െറ താഴ്ഭാഗവും പുറത്തെ വാല്‍ചിറുകളും ഓറഞ്ചുനിറവും ചിറകുകള്‍ക്ക് കടുംതവിട്ട് നിറവും മുതുകില്‍ വെളുത്ത ഒരു അടയാളവും ഉണ്ടാകും. മണ്ണിര, പുഴുക്കള്‍, ലാര്‍വകള്‍ എന്നിവയാണ് ആഹാരം. ശൈത്യകാലത്ത് ചെറുപഴങ്ങളും പുല്‍വിത്തുകളും ആഹാരമാക്കാറുണ്ട്. പൊത്തുകളിലും ചുവരുകളിലുമാണ് കൂടൊരുക്കുന്നത്. ഒരു പ്രജനനകാലത്ത് അഞ്ചുമുതല്‍ ആറു മുട്ടുകള്‍വരെ ഇടുന്നു. കുഞ്ഞുങ്ങള്‍ 15 മുതല്‍ 18 ദിവസങ്ങള്‍ക്കുള്ളില്‍ പറക്കാറാകും. ചെമ്പുവാലന്‍ കിളിയെ മുമ്പ് കേരളത്തില്‍ കണ്ടത്തെിയിട്ടില്ളെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം സീനിയര്‍ റെസിഡന്‍റും ബേര്‍ഡ് വാച്ചേഴ്സ് ഓഫ് കേരളയുടെ അഡ്മിനുമായ ഡോ. പി.എസ്. ജിനേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.