പരസ്യ വരുമാനം ഇടിയുന്നു; ഇനി ചിലർക്ക് യൂട്യൂബ് വിഡിയോ കാണാൻ കഴിയില്ല, കടുത്ത തീരുമാനവുമായി കമ്പനി

സ്ഥിരമായി യൂട്യൂബ് കാണുന്നവർക്കറിയാം പരസ്യങ്ങൾ എത്രത്തോളം രസംകൊല്ലിയാണെന്ന്. 10 മിനിറ്റുള്ള വിഡിയോ കണ്ടുതീർക്കാൻ മൂന്നാല് പരസ്യങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥ. പരസ്യങ്ങളിൽ നിന്ന് രക്ഷനേടാനായി ‘ആഡ് ​ബ്ലോക്കർ (ad blockers)’ ആശ്രയിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവന്നിട്ടുണ്ട്.

ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളിൽ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റൻഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോൾ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്.

പരസ്യവരുമാനത്തിൽ വന്ന ഇടിവാണ് യൂട്യൂബിനെ ആ ‘കടുംകൈ’ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാർഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബർമാർക്കും കൊടുക്കും. ഈ കാരണം കൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യൂട്യൂബ് കരിയറാക്കി സുഖമായി ജീവിച്ച് പോകുന്നത്.  




എന്നാൽ, 2023-ന്റെ ആദ്യ പാദത്തിൽ യൂട്യൂബിന്റെ പരസ്യ വരുമാനത്തിൽ 2.6% വാർഷിക ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ശ്രമിക്കുന്നത്. ഇനി യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവർക്ക്  വിഡിയോ കാണാൻ കഴിയില്ല. ചിലപ്പോൾ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു റെഡ്ഡിറ്റ് (Reddit) യൂസറാണ് ആദ്യമായി യൂട്യൂബിന്റെ നീക്കം ശ്രദ്ധിച്ചത്. വിഡിയോ കാണാൻ ശ്രമിക്കുന്നതിനിടയിൽ, "യൂട്യൂബിൽ ആഡ് ബ്ലോക്കറുകൾ അനുവദനീയമല്ല" എന്ന പോപ്പ്-അപ്പ് സന്ദേശം പ്രത്യക്ഷപ്പെടുകയായിരുന്നു.




ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോം പരസ്യ ബ്ലോക്കറുകൾക്കെതിരെ സമീപകാലത്തായി ചില നീക്കങ്ങൾ നടത്തിവരുന്നുണ്ട്. പ്രധാനമായും കംപ്യൂട്ടറുകളിൽ യൂട്യൂബ് വിഡിയോകൾ കാണുമ്പോഴാണ് ആളുകൾ കൂടുതലായും ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണുകളിലും ചില വെബ് ബ്രൗസറുകൾ ആഡ് ബ്ലോക്കിങ് ഓപ്ഷനുകൾ നൽകുന്നുണ്ട്.

അതേസമയം, 2016-ൽ, ഗൂഗിൾ പ്ലേ സ്റ്റോറി (Google Play Store)-ൽ നിന്ന് പരസ്യം തടയുന്ന ആപ്പുകൾ നീക്കം ചെയ്യുകയും പരസ്യ-ബ്ലോക്കിംഗ് എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ അതിന്റെ ക്രോം ബ്രൗസർ പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം, യൂട്യൂബ് (YouTube Premium) സബ്‌സ്‌ക്രിപ്‌ഷനില്ലാതെ എംബഡഡ് പരസ്യങ്ങൾ തടയുന്ന തേർഡ്-പാർട്ടി ആപ്പായ യൂട്യൂബ് വാൻസ്ഡ് (YouTube Vanced) ഗൂഗിൾ ബ്ലോക്ക് ചെയ്തിരുന്നു.

Tags:    
News Summary - YouTube tests blocking videos on browsers with Ad blockers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.