യൂട്യൂബിലെ പരസ്യങ്ങൾ ഒഴിവാക്കാൻ ഇനി കുറുക്കുവഴിയില്ല; പണം നൽകേണ്ടി വരും

യൂട്യൂബിൽ പരസ്യങ്ങൾ കണ്ട് മടുത്ത് ‘ആഡ് ബ്ലോക്കർ’ ഉപയോഗിക്കുന്നവരാണോ നിങ്ങൾ...? എങ്കിൽ, ഗൂഗിളിന്റെ പണി വരുന്നുണ്ട്.. പിസികളിലും ലാപ്ടോപ്പിലും യൂട്യൂബ് ഉപയോഗിക്കുന്നവർ പരസ്യങ്ങൾ ഒഴിവാക്കാനായി ബ്രൗസറുകളിൽ ‘ആഡ് ബ്ലോക്കർ’ ഉപയോഗിക്കാറുണ്ട്. ആൻഡ്രോയ്ഡ് ഫോണും ടാബ്ലറ്റുകളും ഉപയോഗിക്കുന്നവർ യൂട്യൂബ് വാൻസ്ഡ് പോലുള്ള ആപ്പുകൾ ഉപയോഗിച്ചാണ് പരസ്യങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളത്. എന്നാൽ, അധിക കാലം അവയൊന്നും ഉപയോഗിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന് കരുതേണ്ട...! പരസ്യങ്ങൾ ഒഴിവാക്കാൻ ഇനി ‘യൂട്യൂബ് പ്രീമിയം’ തന്നെ എടുക്കേണ്ടി വരും.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആഡ് ബ്ലോക്കർ ഉപയോഗിച്ച് യൂട്യൂബ് കാണുന്നത് കണ്ടെത്തിയാൽ, വീഡിയോകളിലേക്കുള്ള നിങ്ങളുടെ ആക്‌സസ് ഗൂഗിൾ ഇല്ലാതാക്കും. ഇത് "ത്രീ-വേ സ്ട്രൈക്ക്" എന്ന രൂപത്തിലാണ് നടപ്പാക്കുന്നത്. ആഡ് ബ്ലോക്കർ കണ്ടെത്തിയാൽ, യൂട്യൂബ് മൂന്ന് തവണ മുന്നറിയിപ്പ് നൽകും. അതിലൂടെ യൂട്യൂബ് പ്രീമിയത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ആദ്യം നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോയിലേക്കുള്ള ആക്‌സസ് തൽക്ഷണം വിച്ഛേദിക്കപ്പെടും. പിന്നാലെ, നിങ്ങൾക്ക് കാണാൻ കഴിയുന്ന വിഡിയോകളുടെ എണ്ണം മൂന്ന് മാത്രമായി പരിമിതപ്പെടുത്തും. അതിന് ശേഷം യൂട്യൂബിൽ നിന്ന് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യും. നിങ്ങൾ പരസ്യ ബ്ലോക്കറുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഇത് നിങ്ങൾക്ക് ബാധകമല്ല.


മുന്നറിയിപ്പ് മുകളിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു പോപ്പ്-അപ്പ് വിൻഡോയുടെ രൂപത്തിലാകും ദൃശ്യമാവുക. അതിൽ യൂട്യൂബിൽ ആഡ്ബ്ലോക്കർ പ്രവർത്തനരഹിതമാക്കാനും അല്ലെങ്കിൽ യൂട്യൂബ് പ്രീമിയത്തിനായി സൈൻ അപ്പ് ചെയ്യാനും ആവശ്യപ്പെടും. ഇതൊക്കെ കണ്ട് യൂട്യൂബ് പ്രീമിയം എടുക്കാൻ താൽപര്യമുള്ളവർക്ക് മൂന്ന് പ്ലാനുകളാണുള്ളത്. പ്രതിമാസം 139 രൂപയുടെ പ്ലാൻ, മൂന്ന് മാസത്തേക്ക് 399 രൂപ, അല്ലെങ്കിൽ 12 മാസത്തേക്ക് 1,290 രൂപയുടെയും പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്.

 


Tags:    
News Summary - YouTube Puts an End to Ad-Blocking Workarounds; Users Now Required to Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.