ദുബൈ: ലോകത്തിലെ ആദ്യ എ.ഐ പൊതു സേവകനെ അവതരിപ്പിച്ച് അബൂദബി. ദുബൈയില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2025 വേദിയിലാണ് അബൂദബി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന താം ഓട്ടോഗവിനെ ഇത്തരമൊരു വിശേഷണത്തോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ലൈസന്‍സ് പുതുക്കല്‍, ബില്‍ അടക്കല്‍, ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെ അപ്പോയിന്മെന്റ് തുടങ്ങിയ കാര്യങ്ങള്‍ ഓട്ടോമാറ്റിക് ആയി ഇതു നിര്‍വഹിക്കും.
ഇതിനായി ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുകയോ മറ്റോ ചെയ്യേണ്ടി വരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ ഓട്ടോമാറ്റിക് ആയി നടക്കുകയും താമസക്കാര്‍ക്ക് അവരുടെ ജീവിതത്തിരക്കുകളില്‍ മുഴുകാനും ഇതിലൂടെ കഴിയും. നവീകരിച്ച താം പ്ലാറ്റ്ഫോമില്‍ 1100ലേറെ പൊതു, സ്വകാര്യ സര്‍വിസുകളാണ് ഏകീകരിച്ചിട്ടുള്ളത്. താം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത തെരഞ്ഞെടുപ്പുകള്‍ സെറ്റ് ചെയ്തുവെക്കാനാവും.
താമിലെ വ്യക്തിഗത ഡാഷ് ബോര്‍ഡില്‍ ഭാവിയില്‍ പുതുക്കേണ്ട രേഖകള്‍ അടക്കമുള്ളവയുടെ റിമൈന്‍ഡര്‍ സെറ്റ് ചെയ്ത് വെക്കുന്നതിലൂടെ ഇത് യഥാസമയം നടന്നുകൊള്ളുമെന്നും താം ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അസ്കര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സമയവും മനസ്സമാധാനവും തിരികെ നല്‍കുകയെന്നതാണ് എ.ഐ പൊതുസേവകന്റെ യഥാര്‍ഥ വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.