വേലിയിൽ കിടന്ന പാമ്പിനെ തോളിലിട്ട അവസ്ഥയാണ് ഇപ്പോൾ വാട്സ്ആപ്പിന് കിട്ടിയിരിക്കുന്നത്. സംഭവം ഒരു കൗതുകത്തിന് ചെയ്തതാണ്. എന്നാൽ ആകെ പൊല്ലാപ്പായി എന്ന് പറഞ്ഞാൽ മതിയല്ലോ. 'ലോൽ' എന്ന് അവസാനിപ്പിച്ച് സന്ദേശം അയക്കുന്ന ഉപയോക്താക്കളെ.. ഞങ്ങൾ നിങ്ങളെ കാണുന്നു, ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു' എന്ന് എഴുതി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് വാട്സ്ആപ്പിന് തന്നെ തിരിച്ചടിയായത്.
പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിലാണ് കമന്‍റുകളുമായി ഉപയോക്താക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. ചാറ്റുകള്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെയാണ് വാട്‌സാപ്പ് എല്ലാവരേയും കാണുന്നത് എന്നും സ്വകാര്യത ഇല്ലേ എന്നുമുള്ള ചോദ്യങ്ങളാണ് ഉപയോക്താക്കൾ കമന്‍റിലൂടെ ഉന്നയിക്കുന്നത്.
എന്തായാലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വാട്സ്ആപ്പിനെതിരെ ട്രോളുകളും എത്തി. സംഭവം ട്രെൻഡിങ്ങായതോടെ സിഗ്നലും വാട്സ്ആപ്പിനെ ട്രോളി എത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിന്റെ പോസ്റ്റ് ഉദ്ധരിച്ച് 'സിഗ്നലിൽ ഞങ്ങൾ ഒന്നും കാണുന്നില്ലെന്നും അത് ഓപ്പൺ സോഴ്സ് കോഡ് വഴി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്' എന്നുമാണ് സിഗ്നലിന്റെ പോസ്റ്റ്.
എന്നാൽ, സംഭവം കൈവിട്ടുപോയതോടെ മറുപടിയുമായി വാട്സ്ആപ്പ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ആ പോസ്റ്റിലൂടെ നിങ്ങളുടെ മെസേജുകൾ വാട്സ്ആപ്പ് കാണുന്നു എന്നല്ല ഉദ്ദേശിച്ചതെന്നും സന്ദേശമയക്കുന്നയാൾക്കും ലഭിക്കുന്നയാൾക്കുമല്ലാതെ വാട്സ്ആപ്പ് ഉൾപ്പെടെ ആർക്കും മെസേജ് കാണാൻ സാധിക്കില്ലെന്നുമാണ് വാട്സ്ആപ്പിന്‍റെ മറുപടി. പോസ്റ്റ് വെറുതെ തമാശക്ക് ചെയ്തതാണെന്നും. മെസേജുകൾ എൻഡ് ടു എൻഡ് എന്‍ക്രിപ്റ്റഡ് ആണെന്നും വാട്സ്ആപ്പ് കൂട്ടിച്ചേർത്തു. വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ മെസേജുകൾ കാണുന്നുണ്ട് എന്ന ആരോപണവുമായി ഇലോൺ മസ്കും രംഗത്ത് എത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.