പ്രതീകാത്മക ചിത്രം
13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി വാട്സ്ആപ്പ് പുതിയ 'പേരന്റ്-മാനേജ്‌ഡ് അക്കൗണ്ടുകൾ' അവതരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ആൻഡ്രോയിഡ്, ഐഫോൺ ഉപഭോക്താക്കൾക്ക് ഘട്ടം ഘട്ടമായി ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 13 വയസ്സായിരുന്നു. എന്നാൽ പല കുട്ടികളും തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്, മാതാപിതാക്കളുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ ഒരു ഇടം ഒരുക്കാൻ മെറ്റ തീരുമാനിച്ചത്.
13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സന്ദേശങ്ങൾ അയക്കാനും കോളുകൾ വിളിക്കാനും പരിമിതമായ അനുമതി മാത്രമേ ഉണ്ടാകൂ. മെറ്റാ എ.ഐ, ചാനലുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, ലൊക്കേഷൻ ഷെയറിങ്, വ്യൂ-വൺസ് മെസേജുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ അക്കൗണ്ടുകളിൽ ലഭ്യമാകില്ല. കുട്ടികളുടെ അക്കൗണ്ടുകളിൽ വാട്സ്ആപ്പ് പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല. അക്കൗണ്ട് ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ മാതാപിതാക്കൾ നിശ്ചയിക്കുന്ന ആറക്ക പിൻ നമ്പർ നിർബന്ധമാണ്.
സേവ് ചെയ്തിട്ടുള്ള ആളുകൾക്ക് മാത്രമേ കുട്ടിയുടെ പ്രൊഫൈൽ ഫോട്ടോയും ലാസ്റ്റ് സീനും കാണാൻ സാധിക്കൂ. ഗ്രൂപ്പുകളിൽ ചേർക്കുന്നതിനും മാതാപിതാക്കളുടെ അനുമതി വേണം. അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങളോ ഇൻവിറ്റേഷനുകളോ നേരിട്ട് 'റിക്വസ്റ്റ്' ഫോൾഡറിലേക്ക് പോകും. മാതാപിതാക്കൾ അംഗീകരിച്ചാൽ മാത്രമേ കുട്ടികൾക്ക് ഇവ കാണാൻ സാധിക്കൂ.
കുട്ടിയുടെ ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. 'More options' എന്നതിൽ പോയി 'Create a parent-managed account' തിരഞ്ഞെടുക്കുക. കുട്ടിയുടെ ഫോൺ നമ്പറും പ്രായവും നൽകുക. ക്യുആർ കോഡ് സ്കാൻ ചെയ്ത് രക്ഷിതാവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. രക്ഷിതാവ് സ്വന്തം ഐഡന്റിറ്റി വെരിഫൈ ചെയ്ത ശേഷം ആറക്ക പിൻ സെറ്റ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.