വെറുമൊരു മെസേജിങ് ആപ്പ് എന്നതിൽനിന്നും വ്യത്യസ്ത മേഖലകളിലേക്കുള്ള വാട്സാപ്പിന്‍റെ വളർച്ച വളരെപ്പെട്ടന്നായിരുന്നു. ജനങ്ങൾ ഈ മാറ്റത്തെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ബിസിനസിനും മറ്റും വാട്സാപ്പ് ഉപയോഗിക്കാൻ തുടങ്ങിയതോടെ അപരിചിത നമ്പറുകളിൽനിന്നുള്ള സന്ദേശങ്ങൾ ലഭിക്കുന്നതും വർധിച്ചു. വിവിധ ബ്രാൻഡുകളുടെ മാർക്കറ്റിങ് സന്ദേശങ്ങളും സ്പാം മെസേജുകളുമെല്ലാം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത് വളരെ എളുപ്പമായി. ഇത്തരം മെസേജുകൾ പൊതുശല്യമായി മാറിയതോടെ അതിനുള്ള പരിഹാരമായി വന്നിരിക്കുകയാണിപ്പോൾ വാട്സ്ആപ്പ്.
ബിസിനസ് അക്കൗണ്ടുകൾക്കും യൂസർമാർക്കും അപരിചിതർക്ക് ( അണ്‍നോണ്‍ നമ്പര്‍) അയക്കാവുന്ന നമ്പറുകൾക്ക് പരിധി കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. അതായത് മെസേജ് അയക്കുന്ന വ്യക്തി റിപ്ലൈ തരുന്നില്ലെങ്കിൽ അവരുടെ അക്കൗണ്ടിലേക്ക് അയക്കുന്ന മെസേജുകൾക്ക് പരിധി ഏർപെടുത്തും. എന്നാൽ എത്ര മെസേജ് വരെ അയക്കാം എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. പ്രതിമാസ പരിധിയായിരിക്കും ഏർപ്പെടുത്തുക. സാധാരണ ഉപയോക്താക്കളെ പുതിയ അപ്ഡേറ്റ് ബാധിക്കില്ല. പകരം സ്പാം മെസേജുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കുമെതിരെ ഫലപ്രദമാകുന്ന തരത്തിലാണ് നിയന്ത്രണങ്ങൾ രൂപകൽപ്ന ചെയ്തിരിക്കുന്നത്.
വാട്സാപ്പിൽ കമ്മ്യൂണിറ്റി, ചാനൽ, ബിസിനസ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ വന്നതോടെയാണ് ഇത്തരം മാർക്കറ്റിങ് മെസേജുകളും സ്പാം മെസേജുകളും അധികരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ലഭിച്ചതോടെയാണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ ഒന്നിലധികം രാജ്യങ്ങളിൽ അപ്ഡേറ്റുകൾ വരുമെന്ന് കമ്പനി അറിയിച്ചു.
സമീപ വർഷങ്ങളിൽ രാഷ്ട്രീയ, വാണിജ്യ സ്പാമുകളെ ലക്ഷ്യം വച്ചുള്ള നിരവധി സവിശേഷതകളും സുരക്ഷ നടപടികളും കമ്പനി ഇതിനോടകം തന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്സ്ആപ്പ് നിരന്തരം ശ്രമിക്കുന്നതിന്‍റെ ഫലമാണ് പുതിയ അപ്ഡേറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.