വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ദൈനംദിന ജീവിതവുമായി വാട്സ്ആപ്പ് വളരെയേറെ ബന്ധപ്പെട്ടാണ് നിൽക്കുന്നത്. എ.ഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ വീണ്ടുമൊരു പുതിയ ഫിച്ചറുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. 'എ.ഐ അൺറീഡ് ചാറ്റ് സമ്മറി' ഫീച്ചറിലൂടെ അൺറീഡ് ചാറ്റുകളുടെ സംഗ്രഹങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഗ്രൂപ്പ് ചാറ്റ് അല്ലെങ്കിൽ സ്വകാര്യ ചാറ്റുകളിലെ അൺറീഡ് ചാറ്റുകളുടെ സമ്മറി നമുക്ക് മെറ്റ എ.ഐയോട് ചോദിക്കാനുള്ള ഫീച്ചറാണിത്. റീഡ് ചെയ്യാത്ത സന്ദേശങ്ങൾക്ക് പുറമെ വലിയ സന്ദേശങ്ങളുടെ സംഗ്രഹവും നൽകുന്നു. ഉപയോക്താക്കളുടെ മെസേജുകളെ ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിച്ച് മെറ്റ എ.ഐ നൽകുന്നു. ഇതിലൂടെ ചാറ്റുകൾ വായിക്കാതെ തന്നെ ഉള്ളടക്കം വേഗത്തിൽ മനസിലാക്കാൻ സഹായിക്കുന്നു.
നിലവിൽ പുതിയ ഫീച്ചർ ലഭ്യമാകുന്നത് അമേരിക്കയിൽ മാത്രമാണ്. ഇംഗ്ലീഷ് ഭാഷയെ മാത്രമാണ് ഇപ്പോൾ പിന്തുണക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഫീച്ചർ വ്യാപിപ്പിക്കാൻ വാട്സ്ആപ്പ് ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും പറയുന്നു. പ്രൈവറ്റ് പ്രോസസ്സിംഗ് ആണ് മെസേജ് സമ്മറീസ് ഫീച്ചർ നൽകുന്നത്. മെറ്റക്കോ വാട്ട്‌സ്ആപ്പിനോ മെസേജുകളുടെ യഥാർത്ഥ ഉള്ളടക്കമോ ജനറേറ്റ് ചെയ്യുന്ന സംഗ്രഹങ്ങളോ കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മെറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.