വാട്സ്ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഇന്ന് വിരളമാണ്. മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് വ്യത്യസ്തമായി, കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യണമെങ്കിൽ നമ്പർ കൊടുക്കുന്നത് പലപ്പോഴും സ്വകാര്യതക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക വാട്‍സ്‌ആപ്പ് ഉപയോക്താക്കൾക്കുണ്ട്. എന്നാൽ അനാവശ്യ മെസേജുകൾ ഒഴിവാക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. 'യൂസർ നെയിം കീകൾ' എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ ഡബ്യു.എ ബീറ്റഇൻഫോ വെളിപ്പെടുത്തി.
വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് കമ്പനി യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. യൂസർനെയിം ആയിരിക്കും ആദ്യത്തേത്. ഇത് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അതായത്, ഒരു വാട്‌സ്ആപ്പ് ഉപയോക്താവ് മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്‍റെ മൊബൈല്‍ നമ്പർ നൽകുന്നതിന് പകരം തന്‍റെ യൂസർ നെയിം മാത്രം പങ്കിടാം. ഈ സവിശേഷത മെസേജ് പ്ലാറ്റ്ഫോമായ ടെലഗ്രാമിലേതിത് സമാനമായി പ്രവർത്തിക്കും.
ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽനിന്ന് സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയക്കാൻ കഴിയില്ല. അനാവശ്യമായതും സ്‍പാം ആയതുമായ സന്ദേശങ്ങൾ തടയുന്നതിന് ഈ ഫീച്ചർ സഹായിക്കും.
വാട്‍സ്‌ആപ്പിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പ് ഉപയോക്താക്കൾക്കായി യൂസർ നെയിം കീകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡബ്യു.എ ബീറ്റഇൻഫോ പങ്കുവെച്ച ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് ഫോൺ നമ്പറുകൾ പങ്കിടേണ്ടതിന്‍റെ ആവശ്യകതയെ ഒഴിവാക്കും. അതേസമയം ഉപയോക്താവ് ഇതിനകം ചാറ്റ് ചെയ്യുന്നവരെയോ ഉപയോക്താവിന്‍റെ ഫോൺ നമ്പർ ഉള്ളവരെയോ ഈ നിയന്ത്രണം ബാധിക്കില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. അവർക്ക് നിലവിൽ ചെയ്യുന്ന രീതിയിൽ ചാറ്റ് തുടരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.