ഈ വാട്സ്ആപ്പ് പതിപ്പ് നിങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കും, വിഡിയോ പകർത്തും; സൂക്ഷിക്കുക

വാട്‌സ്ആപ്പിന്റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പായ ജിബി വാടസ്ആപ്പ് ഇന്ത്യൻ യൂസർമാരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സ്ആപ്പിന്റെ അനൗദ്യോഗിക പതിപ്പിന് യൂസർമാരുടെ ചാറ്റുകൾ വായിക്കാനും വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും വരെ സാധിക്കുമെന്നാണ് NOD32 ആന്റിവൈറസിന്റെ നിർമ്മാതാക്കളായ ESET-ന്റെ റിപ്പോർട്ടിൽ പറയുന്നത്.

കസ്റ്റം തീമുകൾ അടക്കം വാട്സ്ആപ്പിലുള്ളതിനേക്കാൾ നിരവധി ഫീച്ചറുകളുള്ള ജിബി വാട്സ്ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമല്ല. വിവിധ വെബ്‌സൈറ്റുകളിൽ പോയാണ് യൂസർമാർ ക്ലോൺ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാൽവെയറുകളുടെ വിളനിലം കൂടിയാണ് ഇത്തരം ആപ്പുകൾ. പ്ലേസ്റ്റോറിലുള്ളത് പോലെ സുരക്ഷാ പരിശോധനകൾ ഒന്നും ഇല്ലാത്തതിനാൽ വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്‌പൈ വെയറുകള്‍ വാട്സ്ആപ്പ് ക്ലോൺ പതിപ്പിൽ ഉള്ളതായി ESET ചൂണ്ടിക്കാട്ടുന്നു.


വാട്സ്ആപ്പിന്റെ അനധികൃത ക്ലോണുകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് മെറ്റ താൽക്കാലിക നിരോധനം ഏർപ്പെടുത്താറുണ്ട്. അതിന് ശേഷവും അവർ അത്തരം ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ, അവരുടെ അക്കൗണ്ട് ശാശ്വതമായി സസ്പെൻഡ് ചെയ്യപ്പെടും. എങ്കിലും പലരും ജിബി വാട്സ്ആപ്പ് പോലുള്ളവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് ട്രോജനുകൾ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുഴപ്പക്കാരല്ലെന്ന് നടിക്കുന്ന ട്രോജൻ സോഫ്‌റ്റ്‌വെയറുകൾ ഒരിക്കൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇൻസ്‌റ്റാൾ ചെയ്താൽ, അവ മാൽവെയറുകളെ അഴിച്ചുവിടുകയും അപകടം സൃഷ്ടിക്കുകയും ചെയ്യുന്നു.

Tags:    
News Summary - WhatsApp clone spying on user chats in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.