'വെറുതെ പണവും സമയവും ഊർജവും പാഴാക്കി'; ട്വിറ്റർ-ഇലോൺ മസ്ക് വിഷയത്തിൽ ആനന്ദ് മഹീന്ദ്ര

സമൂഹ മാധ്യമ ഭീമനായ ട്വിറ്റർ സ്വന്തമാക്കാനുള്ള പദ്ധതി ടെസ്‍ല മേധാവി ഇലോൺ മസ്ക് പാതിവഴിയിൽ ഉപേക്ഷിച്ചതിനെതിരെ കമ്പനി കോടതി കയറിയ സംഭവത്തിൽ പ്രതികരണവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. ട്വിറ്ററും മസ്കും തമ്മിൽ നീണ്ടുനിൽക്കുന്ന നിയമയുദ്ധത്തെ കുറിച്ചുള്ള ന്യൂയോർക് ടൈംസിന്റെ ലേഖനം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലാണ് ആനന്ദ് മഹീന്ദ്ര തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 'ഇത് സമയവും ഊർജവും പണവും പാഴാക്കൽ മാത്രമാണെന്ന്' അദ്ദേഹം ചൂണ്ടിക്കാട്ടി.

"ട്വിറ്റർ വാർത്തകളുടെയും ബന്ധങ്ങളുണ്ടാക്കുന്നതിന്റെയും ഒഴിച്ചുകൂടാനാവാത്ത ഉറവിടമാണ്. അതിനെ ലിസ്റ്റ് ചെയ്ത ഒരു അർദ്ധ സാമൂഹിക സംരംഭം പോലെ, ലാഭത്തിന് വേണ്ടി -എന്നാൽ ശക്തമായ ചാർട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമോ..? കൂടാതെ ട്രസ്റ്റികളെപ്പോലെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഡയറക്ടർമാരുള്ള ഒരു ബോർഡ് അതിനെ കൈകാര്യം ചെയ്യുമോ?" - ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അതേസമയം, ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ ട്വിറ്റർ 4400 കോടി ഡോളറിന് സ്വന്തമാക്കുമെന്ന മസ്കിന്റെ പ്രഖ്യാപനം നടപ്പാക്കാനാവശ്യപ്പെട്ടാണ് ട്വിറ്റർ കോടതി കയറിയത്.

''മനസ്സു മാറ്റി കമ്പനി തകർക്കാനും അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനും ഓഹരി ഉടമകളുടെ മൂല്യം തകർക്കാനും ഒടുവിൽ ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞുനടക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മസ്കിന്റെ വിശ്വാസ'മെന്ന് പരാതിയിൽ കമ്പനി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്റർ വാങ്ങാനുള്ള കരാറിൽനിന്ന് പിൻമാറിയത്. നിർണായക വിവരങ്ങൾ കൈമാറുന്നില്ലെന്നു പറഞ്ഞായിരുന്നു പിൻമാറ്റം. കമ്പനിയിലെ ചില സുപ്രധാന ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചതും അദ്ദേഹം കാരണമായി നിരത്തി. 50 ഡോളറിനു മുകളിൽ വിലയുണ്ടായിരുന്ന ട്വിറ്റർ ഓഹരികൾക്ക് അതോടെ വിലയിടിഞ്ഞ് 34 ഡോളറിലെത്തിയിരുന്നു.

Tags:    
News Summary - Waste Of Time, Energy And Money; Anand Mahindra On Elon Musk vs Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.