'അപകടകരമായ മാൽവെയറുകൾ വിന്യസിക്കാൻ ഉപയോഗിച്ചെന്ന്'; നിരോധനം സ്ഥിരീകരിച്ച് വി.എൽ.സി പ്ലെയർ'

വീഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയറും സ്ട്രീമിങ് മീഡിയ സെർവറുമായ വി.എൽ.സി (VLC) മീഡിയ പ്ലെയറും ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. അതേസമയം, ഏകദേശം 2 മാസം മുമ്പ് തന്നെ ആപ്പ് ഇന്ത്യയിൽ നിരോധിച്ചതായി മീഡിയനാമയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

'വി.എൽ.സി ഫോർ ആൻഡ്രോയ്ഡ്' എന്ന പേരിൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. നിലവിൽ മറ്റ് ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്തിരിക്കുന്നവർക്കും ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. അതേസമയം, കമ്പനിയോ ഇന്ത്യൻ സർക്കാരോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഫെബ്രുവരി 13നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വി.എൽ.സി മീഡിയ പ്ലെയർ ഇന്ത്യ ടുഡേ ടെക്കിനോട് അൽപ്പം മുമ്പ് പ്രതികരിച്ചിട്ടുണ്ട്. പാരിസ് ആസ്ഥാനമായുള്ള വിഡിയോലാൻ എന്ന കമ്പനിയാണ് വി.എൽ.സി വികസിപ്പിച്ചെടുത്തത്.


നിരോധന കാരണം...!

ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് മീഡിയ പ്ലെയർ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയതോടെയാണ് ആപ്പ് രാജ്യത്ത് നിരോധിച്ചതെന്നാണ് സൂചന. ദീർഘകാലമായുള്ള സൈബർ ആക്രമണ കാമ്പെയ്‌നിന്റെ ഭാഗമായി അപകടകാരികളായ മാൽവെയർ ലോഡറുകൾ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ വിന്യസിക്കാൻ 'സിക്കാഡ' വി.എൽ.സി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയത്.

വി.എൽ.സി നിരോധിക്കുന്ന കാര്യം കമ്പനിയോ ഇന്ത്യൻ സർക്കാരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഗഗൻദീപ് സപ്ര എന്ന ട്വിറ്റർ യൂസർ വിഎൽസി വെബ്‌സൈറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്, അതിൽ, "ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെബ്‌സൈറ്റ് നിരോധിച്ചിരിക്കുന്നു" എന്ന് കാണിക്കുന്നുണ്ട്.


നിലവിൽ വി.എൽ.സി മീഡിയ പ്ലെയർ വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ആർക്കും അതിന്റെ ഓൺലൈൻ സേവനം ഉപയോഗിക്കാൻ കഴിയില്ല. ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് ഭാവിയിൽ പ്രശ്നവും നേരിട്ടേക്കാം. ACTFibernet, Jio, Vodafone-idea എന്നിവയുൾപ്പെടെ എല്ലാ പ്രധാന ISP-കളിലും VLC മീഡിയ പ്ലെയർ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - VLC Media Player banned in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.