ട്വിറ്ററിലെ ബഹളം സഹിക്കുന്നില്ല; ആളുകൾ കൂട്ടമായി 'മാസ്റ്റഡോണി'ലേക്ക്, ട്വിറ്റർ ബദലിനെ കുറിച്ചറിയാം....

ലോക കോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്ററിലാകെ പ്രശ്നമാണ്. ഒരു വശത്ത് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിന്റെ പ്രതിസന്ധി കത്തി നിൽക്കുമ്പോൾ, മറുവശത്ത് ട്വിറ്ററാട്ടികൾ പ്ലാറ്റ്ഫോമിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ്.

വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് ബാഡ്ജിന് ഇനിമുതൽ പണമീടാക്കുമെന്ന് (എട്ട് ഡോളർ) മസ്ക് പ്രഖ്യാപിച്ചതാണ് ആദ്യം വിവാദമായത്. കൂടാതെ, ലോകകോടീശ്വരൻ ഇടക്കിടെ പോസ്റ്റ് ചെയ്യുന്ന പ്രകോപനപരവും പരിഹാസപരവുമായ ട്വീറ്റുകളും യൂസർമാരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയടക്കമുള്ളവർ മസ്കിന്റെ ഈ കൈവിട്ട കളിക്കെതിരെ ട്വിറ്ററിൽ തന്നെ രംഗത്തുവന്നിരുന്നു.


ട്വിറ്ററിൽ നടക്കുന്ന ഇത്തരം നാടകങ്ങളും ബഹളങ്ങളും സഹിക്കവയ്യാതെ പലരും, മറ്റൊരു പ്ലാറ്റ്ഫോം തേടിക്കൊണ്ടിരിക്കുകയാണ്. മെറ്റയുടെ ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും പഥ്യമല്ലാത്തവരാണ് ട്വിറ്ററിലേറെയും. അതുകൊണ്ട് തന്നെ ട്വിറ്ററിന് മികച്ചൊരു ബദലാണ് അവർക്ക് വേണ്ടത്. എന്നാൽ, അത്തരക്കാർക്ക് സന്തോഷവാർത്തയുണ്ട്. ട്വിറ്റർ പോലൊരു മൈക്രോബ്ലോഗിങ് സൈറ്റ് നേരത്തെ തന്നെയുണ്ടായിരുന്നു. പേര് 'മാസ്റ്റഡോൺ' (Mastodon). ഇപ്പോൾ, ആയിരക്കണക്കിന് ട്വിറ്ററാട്ടികളാണ് മാസ്റ്റഡോണിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്.

"കഴിഞ്ഞ ആഴ്‌ചയിൽ മാത്രം #Mastodon-ലേക്ക് മാറിയ ആളുകളുടെ എണ്ണം 230,000 കവിഞ്ഞു, പലരും പഴയ അക്കൗണ്ടുകളിലേക്ക് മടങ്ങിയതോടെ നെറ്റ്‌വർക്ക് 6.55 ലക്ഷം സജീവ ഉപയോക്താക്കളിലേക്ക് എത്തി, ഇത് എക്കാലത്തെയും ഉയർന്നതാണ്!" -മാസ്റ്റഡോൺ ഒരു ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചു.

മാസ്റ്റഡോണിന്റെ പ്രവർത്തന തത്വങ്ങൾ ട്വിറ്ററിന്റെ പ്രവർത്തന തത്വങ്ങൾക്ക് സമാനമാണ് (അവിടെ ട്വീറ്റുകൾക്ക് പകരം ടൂട്ടുകൾ (toots) ആണ്). എന്നാൽ, ട്വിറ്ററിനെ അപേക്ഷിച്ച്, വികേന്ദ്രീകൃതവും ഓപ്പൺ സോഴ്‌സായുമാണ് മാസ്റ്റഡോൾ പ്രവർത്തിക്കുന്നത്. ഇതിനെ വിൽക്കാൻ കഴിയില്ല, അതുപോലെ, ഒരിക്കലും പാപ്പരാവുകയുമില്ല. ഇത് നിങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആളുകൾക്ക് നെറ്റ്‌വർക്കിന്റെ നിയന്ത്രണം നൽകുകയും ചെയ്യുന്നു. ഒരു പ്രോട്ടോക്കോളിന് മുകളിലുള്ള ഉൽപ്പന്നമാണിത്, -ട്വിറ്റർ ഇതുപോലെയാകണമായിരുന്നു." മാസ്റ്റഡോണിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള സെർവറിൽ ചേരാൻ കഴിയും. -മാസ്റ്റഡോൺ കൂട്ടിച്ചേർത്തു.

അതേസമയം, മാസ്റ്റഡോണിനെ കൂടാതെ മറ്റ് പ്ലാറ്റ്‌ഫോമുകളും ആളുകൾ പരിഗണിക്കുന്നുണ്ട്. മാസ്റ്റഡോണിന്റെ ഇന്റർഫേസ് ആശയക്കുഴപ്പമുണ്ടാക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Tags:    
News Summary - Twitter Users are going to Mastodon After Elon Musk Takeover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.