വാഷിങ്ടൺ: ലോക കോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ ട്വിറ്ററിൽ കൂട്ടപിരിച്ചുവിടലിന് ഒരുക്കം. പിരിച്ചുവിടുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ ജീവനക്കാരെ അറിയിച്ചു. പുനഃക്രമീകരണത്തിനായി ഓഫിസുകൾ താൽക്കാലികമായി അടച്ചിടുകയാണെന്നും കമ്പനി അറിയിച്ചു.
ജീവനക്കാരുടെയും കസ്റ്റമർ ഡേറ്റകളുടെയും ട്വിറ്റർ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജീവനക്കാർക്ക് തൽക്കാലം പ്രവേശനം വിലക്കിയത്. നിങ്ങൾ ഓഫിസിലോ അവിടേക്കുള്ള യാത്രയിലോ ആണെങ്കിൽ ദയവായി വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ജീവനക്കാരോട് അഭ്യർഥിച്ചു. വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മസ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
സി.ഇ.ഒ പരാഗ് അഗർവാൾ ഉൾപ്പെടെ ഉന്നതരെ അദ്ദേഹം ഏറ്റെടുത്ത ദിവസം തന്നെ പുറത്താക്കി. ട്വിറ്റർ 100 കോടി ഡോളറിന്റെ ചെലവുചുരുക്കലിന് ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ക്ലൗഡ് സർവിസിൽ ഉൾപ്പെടെ ചെലവുകൾ വെട്ടിക്കുറക്കാനാണ് പദ്ധതി.
15 ലക്ഷം ഡോളർ മുതൽ 30 ലക്ഷം ഡോളർ വരെ ഇത്തരത്തിൽ പ്രതിദിനം കുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രതിദിനം 30 ലക്ഷം ഡോളറിന്റെ നഷ്ടത്തിലാണ് ട്വിറ്റർ മുന്നോട്ടുപോകുന്നത്. അതിനിടെ ജനറൽ മിൽസ്, വോക്സ്‍വാഗൺ തുടങ്ങിയ കമ്പനികൾ ട്വിറ്ററിന് പരസ്യം നൽകുന്നത് നിർത്തി. ഫൈസർ, മൊണ്ടെലസ് ഇന്റർനാഷനൽ തുടങ്ങിയ കമ്പനികളും പരസ്യം നിർത്തിയതായാണ് റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.