#ഹാഷ് ടാഗ് കണ്ടുപിടിച്ച ‘ക്രിസ് മെസിന’ ട്വിറ്ററിൽ നിന്ന് രാജിവെച്ചു; കാരണം ഇലോൺ മസ്ക്..!

ഹാഷ് (#) എന്ന സിംബൽ ഒരു വാക്കിന് മുമ്പിലോ വാചകത്തിന് മുമ്പിലോ പിൻ ചെയ്യുന്നതിനാണ് ഹാഷ് ടാഗ് എന്ന് പറയുന്നത്. ഒരു പോയിന്റിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുനിർത്താനും എളുപ്പത്തിൽ ടോപ്പിക്കുകൾ തിരയാനുമൊക്കെയാണ് സോഷ്യൽ മീഡിയകളിൽ ഹാഷ് ടാഗുകൾ പൊതുവെ ഉപയോഗപ്പെടുത്തുന്നത്. ട്വിറ്ററാണ് ഹാഷ് ടാഗുകളുടെ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന സമൂഹ മാധ്യമം. അതുകൊണ്ട് തന്നെ പല സുപ്രധാന വിഷയങ്ങളിലും ഹാഷ് ടാഗ് ക്യാംപെയിനുകൾ നടക്കാറുള്ളത് ട്വിറ്ററിലാണ്. ഉദാഹരണത്തിന് - #blacklivesmatter.

ക്രിസ് മെസിന എന്ന അമേരിക്കൻ ടെക്നോളജി വിദഗ്ധനാണ് ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ്. ഹാഷ് ടാഗ് എന്ന ആശയം അവതരിപ്പിച്ച അദ്ദേഹം ഒടുവിൽ ട്വിറ്റർ വിടുകയാണ്. കാരണക്കാരൻ മറ്റാരുമല്ല... സാക്ഷാൽ ഇലോൺ മസ്ക് തന്നെ.

ലെഗസി ബ്ലൂ ബാഡ്ജുകൾ നീക്കം ചെയ്യാനുള്ള സി.ഇ.ഒ ഇലോൺ മസ്‌കിന്റെ തീരുമാനത്തെ തുടർന്നാണ് മെസിന ട്വിറ്റർ വിടാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, തന്റെ ബ്ലൂ ടിക്ക് അസാധുവാക്കിയത് കൊണ്ടല്ല ട്വിറ്റർ വിടുന്നതെന്നും, നിലവിൽ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതിയാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്നും മെസിന വ്യക്തമാക്കി.

‘മുമ്പ് ട്വിറ്റർ എന്തായിരുന്നാലും കഴിഞ്ഞ ആറ് മാസക്കാലം ലഭിച്ചതിനേക്കാൾ മാന്യതയും പരിഗണനയുംഅത് അർഹിക്കുന്നുണ്ട്, -മെസിന ദ വെർജിനോട് പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റിയിരിക്കുകയാണ്.

ഇലോൺ മസ്ക് ഒരു ഹാഷ് ടാഗ് വിരോധി...

ഹാഷ്‌ടാഗുകൾ വെറുക്കുന്നതായി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് മുമ്പ് വ്യക്തമാക്കിയിരുന്നു. സ്‍പേസ് എക്സിനെ കുറിച്ച് ചാറ്റ്ജി.പി.ടി സൃഷ്ടിച്ച ഒരു ട്വീറ്റ് അടങ്ങുന്ന ചിത്രത്തിന് മറുപടിയായാണ് ഇലോൺ മസ്ക് തന്റെ നിലപാട് പറഞ്ഞത്. ഇലോൺ മസ്കിൽ നിന്ന് ലൈക്ക് കിട്ടുന്ന ഒരു ട്വീറ്റ് നിർമിക്കാനാണ് ചാറ്റ്ജി.പി.ടിയോട് പറഞ്ഞത്. അതുപ്രകാരം ചാറ്റ്ബോട്ട് സൃഷ്ടിച്ച ട്വീറ്റിൽ ഹാഷ് ടാഗുകൾ ഉണ്ടായിരുന്നു. അതിന് മറുപടിയായി ‘താൻ ഹാഷ് ടാഗുകൾ ഉപയോഗിക്കാറില്ല’ എന്നാണ് ഇലോൺ മസ്ക് കുറിച്ചത്. 


Tags:    
News Summary - The Man Who Invented Hashtag Quits Twitter. Here's Why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.