GETTY IMAGES
ഡ്രൈവിങ്ങിനിടെ കോൾ ചെയ്യുന്നത് അപകടകരവും പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാൽ, വണ്ടിയോടിച്ചുകൊണ്ടിരിക്കുേമ്പാൾ ഡ്രൈവർ ഗെയിം കളിക്കുന്നതോ...? സങ്കൽപ്പിക്കാൻ പോലും പറ്റില്ല, അല്ലേ..! എന്നാൽ, ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല അതിനുള്ള സൗകര്യവുമായി എത്തിയിരിക്കുകയാണ്. അത് വലിയ വിവാദമാവുകയും ചെയ്തു.
ഡ്രൈവിങ് സമയത്ത് സെൻട്രൽ ടച്ച്-സ്‌ക്രീനിൽ വീഡിയോ ഗെയിമുകൾ കളിക്കാൻ ഡ്രൈവർമാരെ അനുവദിക്കുന്ന ടെസ്ലയുടെ പുതിയ ഫീച്ചറാണ് വിവാദമാകുന്നത്. ടെസ്‌ല അതിന്‍റെ പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെയാണ് സവിശേഷത കൊണ്ടുവന്നത്. നിലവിൽ അമേരിക്കയിലെ ടെസ്‌ല യൂസർമാർക്കാണ് ഈ സവിശേഷത ലഭ്യമാക്കിയത്.
അമേരിക്കയിലെ മിക്ക ടെസ്‌ല കാറുകളിലേക്കും ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഗെയിമുകൾ ചേർത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വലിയ സുരക്ഷാ ആശങ്കകൾക്കാണ് ഇത് ഇടയാക്കിയിരിക്കുന്നത്. കാറുകളിൽ പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും ചേർക്കാൻ തിരക്കുകൂട്ടുന്ന ടെസ്‌ല സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
The Verge
ഡ്രൈവർക്കോ സഹയാത്രക്കാരനോ കളിക്കാൻ കഴിയുന്ന ഗെയിമുകളാണ് ടെസ്ലയിലെ വലിയ സെൻട്രൽ ടച്ച്-സ്‌ക്രീനിൽ ചേർത്തിരിക്കുന്നത്. നേരത്തെ, കാറുകൾ പാർക്കിങ്ങിലായിരിക്കുേമ്പാൾ മാത്രമായിരുന്നു വിഡിയോ ഗെയിമുകൾ കളിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇനിമുതൽ കാർ ഓട്ടോ-പൈലറ്റ് മോഡിലിട്ടുകൊണ്ട് ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യമാണ് ടെസ്‌ല കൊണ്ടുവന്നിരിക്കുന്നത്.
The Verge
ടെസ്‌ല കാറുകളിലെ ഓട്ടോ-പൈലറ്റ് മോഡും ഡ്രൈവിങ്ങിനിടെയുള്ള സെൻട്രൽ ടച്ച്-സ്ക്രീനിന്റെ ഉപയോഗവും കാരണം 2016 മുതൽ 12 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ടെസ്ലയുടെ പുതിയ നീക്കത്തിനെതിരെ രാജ്യത്തെ 'നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.