പ്ലാസ്റ്റിക് കവറുകളും വിലകുറഞ്ഞ വസ്ത്രങ്ങളും കോഴിയുടെ എല്ലിൻ കഷണങ്ങളുമൊന്നും ഒരിക്കലും നല്ലൊരു നാഗരികതയുടെ സാക്ഷ്യങ്ങളല്ല. പക്ഷേ, ഇന്നത്തെ ടെക്നോളജിക്കൽ നാഗരികതയെ വിദൂരഭാവിയിലെ തലമുറ ഫോസിലിലൂടെ മനസ്സിലാക്കുക ഇവയിൽ കൂടി ആയിരിക്കും. നമ്മുടെ തലമുറയുടേതായി ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ അവശേഷിക്കുന്ന വസ്തുക്കളെന്തായിരിക്കുമെന്ന പഠനം നടത്തിയ രണ്ട് ഫോസിൽ ഗവേഷകരാണ്, ഈ പ്രവചനം നടത്തിയത്. ‘‘ഫാസ്റ്റ് ഫുഡും ഫാസ്റ്റ് ഫാഷനുമായിരിക്കും നമ്മുടെ നാഗരികതയുടെ കൈയൊപ്പായി ഭൂമിയിൽ അവശേഷിക്കുക’’ -ബ്രിട്ടീഷ് പാലിയന്റോളജിസ്റ്റ് പ്രഫ. സാറ ഗാബോട്ട് പറയുന്നു. ഭാവി നാഗരികതകൾ ഇനിയെവിടെ കുഴിച്ചാലും പ്ലാസ്റ്റിക് കിട്ടുമെന്നും സാറ കൂട്ടിച്ചേർക്കുന്നു.
സാങ്കേതികവിദ്യയുടെ യുഗമായ ഇക്കാലത്തിന്റെ ഫോസിലുകളായി യുഗങ്ങൾക്കപ്പുറമുള്ള സമൂഹം എണ്ണുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നവ:
● പാനീയങ്ങൾ നിറക്കുന്ന അലുമിനിയം കാനുകളെയും പുതിയൊരു തരം ഫോസിലായി ഭാവി നാഗരികതകൾ എണ്ണും.
● എല്ലുകളാണ് ഏറ്റവും പ്രധാന ഫോസിലുകൾ. ഭാവിയിൽ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന എല്ല് കോഴിയുടേതായിരിക്കും. കാരണം, ഭക്ഷ്യാവശ്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോഴികളുടെ എണ്ണം ഭൂമിയിൽ 2500 കോടിയെങ്കിലും എപ്പോഴും കണുമെന്നാണ് കണക്ക്. ഭൂമിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും കുടുതലുള്ള പക്ഷിയാണിത്. ഭക്ഷ്യാവശ്യത്തിനുള്ള ബ്രോയിലർ കോഴികളുടെ എല്ലുകൾ ദുർബലമാണെങ്കിലും അത്രമേൽ എണ്ണം മണ്ണിൽ പരന്നു കഴിഞ്ഞതിനാൽ എവിടെക്കുഴിച്ചാലും ഒരു കോഴിക്കാലെങ്കിലും കിട്ടാതിരിക്കില്ലത്രെ.
● അടുത്ത കാലം വരെ വസ്ത്രങ്ങൾ കൂടുതലും നിർമിച്ചിരുന്നത് എളുപ്പം മണ്ണിൽ ലയിച്ചുചേരുന്ന കോട്ടൺ, ലിനൻ, പട്ട് തുടങ്ങിയവകൊണ്ടായിരുന്നു. ഫാസ്റ്റ് ഫാഷൻ അഥവാ ഓരോ ചടങ്ങിന് ഓരോ ഡിസൈൻ എന്ന രൂപത്തിലേക്ക് പുതുതലമുറ ട്രെൻഡ് മാറിയതോടെ വിലകുറഞ്ഞ സിന്തറ്റിക് വസ്ത്രങ്ങളാൽ ഭൂമി നിറയുകയാണിപ്പോൾ. ‘‘അസംബന്ധംപോലെയാണ് ഇന്നത്തെ വസ്ത്രനിർമാണം. വർഷം 10,000 കോടി വസ്ത്രങ്ങളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇക്കാലത്ത് ജലാശയങ്ങൾ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മാലിന്യത്തിൽ മൂന്നിലൊന്നും വസ്ത്രങ്ങളാണ്. നിലം നികത്താനും മറ്റും വസ്ത്രങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമാണിപ്പോൾ. എവിടെക്കുഴിച്ചാലും ഫാഷൻതന്നെ കിട്ടും. ഇതാണോ കാലാതീത ഫാഷൻ ?’’ -സാറ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.