2024ൽ കൂട്ടപിരിച്ചുവിടൽ നടത്തി ടെക് കമ്പനികൾ; ഇതുവരെ തൊഴിൽ നഷ്ടമായത് 50,000 പേർക്ക്

വാഷിങ്ടൺ: 2023ന്റെ തുടർച്ചയായി 2024ലും ലോകത്തെ പ്രമുഖ ടെക് കമ്പനികൾ നടത്തുന്നത് കൂട്ടപിരിച്ചുവിടൽ. 2024ൽ ആദ്യത്തെ രണ്ട് മാസം മാത്രം ഏകദേശം 50,000 പേർക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ ഏകദേശം രണ്ടരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. ഇതേ ട്രെൻഡ് തന്നെയാണ് ഇപ്പോഴും തുടരുന്നത്. വിപണിയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കമ്പനികൾ കൂട്ട പിരിച്ചുവിടൽ നടത്തുന്നത്.

മാർച്ചിലും ചില പ്രമുഖ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഐ.ബി.എമ്മാണ് ആദ്യം ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയുടെ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ ജോനാഥൻ അദഷേക്കാണ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ചത്. എന്നാൽ, എത്രത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെ ലോകപ്രശസ്ത കമ്പ്യൂട്ടർ നിർമാതാക്കളായ ഡെൽ 6000 പേരെ പിരിച്ചുവിട്ടു. പേഴ്സണൽ കമ്പ്യൂട്ടർ ഡിവിഷനിലുണ്ടായ തിരിച്ചടിയാണ് ഡെൽ ജീവനക്കാരെ പിരിച്ചുവിടാൻ കാരണം. കഴിഞ്ഞ വർഷം ഡെല്ലിന്റെ വരുമാനത്തിൽ 11 ശതമാനം ഇടിവുണ്ടായിരുന്നു. ഈ വർഷം വരുമാനം വർധിക്കുമെന്ന് പ്രവചനമുണ്ടെങ്കിലും ചെലവുകൾ കൂടുതലാണെന്നാണ് ഡെല്ലിന്റെ വിലയിരുത്തൽ.

വോഡഫോണാണ് ജീവനക്കാരെ പിരിച്ചുവിട്ട മറ്റൊരു കമ്പനി. ജർമ്മനിയിൽ 2,000 പേരെയാണ് വോഡഫോൺ തെറിപ്പിച്ചത്. 400 മില്യൺ യൂറോ ലാഭിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു പിരിച്ചുവിടൽ.

മൊബൈൽ നെറ്റ്‍വർക്ക് മാർക്കറ്റിൽ വലിയ പ്രതിസന്ധി നേരിടുന്ന സ്വീഡിഷ് കമ്പനിയായ എറിക്സൺ 1200 ജീവനക്കാരെ പിരിച്ചുവിട്ടു. കനേഡിയൻ ടെലികോം ഭീമൻ ബെല്ലിൽ 5000 പേർക്കാണ് തൊഴിൽ നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഒമ്പത് ശതമാനം പേരെ ബെൽ പിരിച്ചുവിട്ടു. ഇതിന് പു​റമേ ചില കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന നടപടികളിലേക്കും കടന്നിട്ടുണ്ട്. മാർച്ചിലെ പിരിച്ചുവിടലിന്റെ പൂർണമായ കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. അതുകൂടി വരുമ്പോൾ 2024ൽ തൊഴിൽ നഷ്ടമായവരുടെ എണ്ണം ഇനിയും വലിയ രീതിയിൽ ഉയരുമെന്ന് ഉറപ്പാണ്.

Tags:    
News Summary - Tech layoffs in 2024 touch 50,000: IBM, Dell, Vodafone and others who cut 100s of jobs in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.