‘അമേരിക്കയുടെ ടെക് വ്യവസായത്തിന് ഇന്ത്യക്കാരില്ലാതെ നിലനിൽപ്പില്ല’ - സിലിക്കൺ വാലി സെൻട്രൽ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ

അമേരിക്കയുടെ ടെക് വ്യവസായത്തിന് ഇന്ത്യക്കാരില്ലാതെ നിലനിൽപ്പില്ലെന്ന് സിലിക്കൺ വാലി സെൻട്രൽ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ ഹർബീർ കെ ഭാട്ടിയ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ടെക് ഇൻഡസ്ട്രിക്കായി ഇന്ത്യക്കാർ കാര്യമായ സംഭാവനകൾ നൽകുന്നുണ്ടെന്നും അത് അതിൻ്റെ നിലനിൽപ്പിന് നിർണായകമാണെന്നും അവർ പറഞ്ഞു.

‘‘സിലിക്കൺ വാലിയിലെ നൂതനമായ പല ആശയങ്ങൾക്ക് പിന്നിലും ഇന്ത്യക്കാർ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയുടെ ടെക് വ്യവസായത്തിന് അവരെ കൂടാതെ നിലനിൽപ്പില്ല. അതുമായി ബന്ധപ്പെട്ടുള്ള കണക്കുകളൊന്നും എന്റെ പക്കലില്ല, എന്നാൽ, ഈ മേഖലയിൽ ഇന്ത്യക്കാർ അത്രയും സ്വാധീനമുള്ള സംഭാവനകൾ നൽകുന്നവരാണെ’’ന്നും ഹർബീർ കെ ഭാട്ടിയ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പുറത്തുവന്ന ഒരു ഡാറ്റ പ്രകാരം 40 ശതമാനം വരുന്ന സിലിക്കൺ വാലിയിലെ സി.ഇ.ഒമാരോ സ്ഥാപകരോ ദക്ഷിണേഷ്യയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഉള്ളവരാണ്. അത് വളരെ വലിയ കാര്യമാണ്. ഗൂഗിൾ, യൂട്യൂബ്, ഗൂഗിൾ ഫൗണ്ടേഷൻ, മൈക്രോസോഫ്റ്റ് തുടങ്ങിയ എല്ലാ പ്രധാന കോർപ്പറേഷനുകളുടെയും തലപ്പത്ത് ഇന്ത്യക്കാരുണ്ട്. അവർ ഒന്നുകിൽ CXO (ചീഫ് എക്സ്പീരിയൻസ് ഓഫീസർ) തലത്തിലാണ് അല്ലെങ്കിൽ സിഇഒമാരാണ്. അത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. -ഭാട്ടിയ പറഞ്ഞു

"നിങ്ങളുടെ നിറം, ചർമ്മം, നിങ്ങൾ പിന്തുടരുന്ന മതം, ജാതി, സംസ്കാരം എന്നിവയെ കുറിച്ചുള്ള ആശങ്കകളൊന്നുമില്ലാതെ നിങ്ങളുടെ പരമാവധി നൽകാനും സർഗ്ഗാത്മകത പുലർത്താനുമുള്ള അവസരമാണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നത്. ," ഹർബീർ കെ ഭാട്ടിയ പറയുന്നു.

കഠിനാധ്വാനം, ഉൽപ്പാദനക്ഷമത തുടങ്ങിയ ചില മികച്ച മൂല്യങ്ങൾ ഇന്ത്യക്കാർ ജോലിയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. " നിങ്ങൾക്ക് സ്‌കൂളിൽ 98 ശതമാനം മാർക്ക് ലഭിച്ചാൽ നിങ്ങളുടെ അമ്മയും പപ്പയും എപ്പോഴും പറയും, നിനക്കെന്തുകൊണ്ടാണ് നൂറുശതമാനം കിട്ടാത്തത്? അതാണ് നമ്മുടെ സംസ്കാരം. അതാണ് നമ്മൾ. നമുക്ക് അത്രയൊന്നും പോരാ. , ആ ആഗ്രഹവും അഭിലാഷവുമാണ് നമ്മെ (മറ്റുള്ളവരിൽ നിന്ന്) വേർതിരിക്കുന്നത്," അവർ കൂട്ടിച്ചേർത്തു.

സിലിക്കൺ വാലിയുടെ കേന്ദ്രമായ സാന്താ ക്ലാരയിൽ സ്ഥിതി ചെയ്യുന്ന ചേംബർ ഓഫ് കൊമേഴ്‌സ്, ഒന്നിലധികം നഗരങ്ങളിൽ നിന്നുള്ള ഒരു കൂട്ടം മികച്ച ബിസിനസ്സ് ലീഡർമാർ ചേർന്നതാണ്. സിലിക്കൺ വാലിയുടെ ഭാവി രൂപപ്പെടുത്താനും വളർത്താനും വേണ്ടിയുള്ളതാണീ സംരംഭം. 

Tags:    
News Summary - SVC Chamber of Commerce CEO: America's Tech Industry Relies Heavily on Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.