പരതീകാത്മക ചിത്രം

ഇലോൺ മസ്കിന്‍റെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് അടുത്ത വർഷം ഇന്ത്യയിൽ; അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു

ടെക് ഭീമൻ ഇലോൺ മസ്‌കിന്‍റെ സ്പേസ് എക്സ് നേതൃത്വം നൽകുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായുള്ള അവസാനവട്ട സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഈ സാങ്കേതികവിദ്യക്ക് കേന്ദ്ര സർക്കാറിന്റെ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. ഏതാനും സാങ്കേതിക നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ 2026 തുടക്കത്തിൽത്തന്നെ അതിവേഗ ഇന്റർനെറ്റ് രാജ്യമെങ്ങും ലഭ്യമാകും.

നിലവിൽ ടെലകോം വകുപ്പിന്റെ 'ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്' (GMPCS) ലൈസൻസ് സ്റ്റാർലിങ്കിന് ലഭിച്ചിട്ടുണ്ട്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അനുമതിയും സ്പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്. ബാക്കിയുള്ള അനുമതികളെല്ലാം 2025 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സാങ്കേതിക നിരീക്ഷകരുടെ വിലയിരുത്തൽ.

നിലവിലുള്ള ടെലകോം സേവനദാതാക്കളുടെ വ്യവസായ സന്തുലനം നിലനിർത്തുന്നതിനായി, രാജ്യത്ത് സ്റ്റാർലിങ്കിന് ലഭിക്കാവുന്ന കണക്ഷനുകളുടെ എണ്ണത്തിന് സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏകദേശം 20 ലക്ഷം അക്കൗണ്ടുകൾക്ക് വരെയാകും സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാനാവുക. കേബിളുകളോ ടവറുകളോ ആവശ്യമില്ലാത്ത സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് ആയതുകൊണ്ട് സ്റ്റാർലിങ്കിന് വേഗത്തിൽ ജനപ്രീതി നേടാനായേക്കും. നെറ്റ്​വർക്കുകൾ എത്താത്ത വിദൂര ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലും ഇത് വിപ്ലവം തന്നെയായിരിക്കും.

സാറ്റലൈറ്റ് ഡിഷ് ഉൾപ്പെടുന്ന ഹാർഡ്‌വെയർ കിറ്റിന് ഏകദേശം 30,000 രൂപ മുതൽ 33,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു, ഇത് എങ്ങനെയാവും നൽകുകയെന്നതും ലോഞ്ചിങ് ഓഫറുകളുണ്ടോയെന്നും അറിയേണ്ടിയിരിക്കുന്നു. അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾക്ക് പ്രതിമാസം 3,000 മുതൽ 4,200 രൂപ വരെ വിലയുണ്ടാകാനാണ് സാധ്യത. വിപണിയിൽ വേഗത്തിൽ ഇടംനേടുന്നതിനായി, ഉപകരണം വാങ്ങുന്നവർക്ക് ഒരു മാസത്തെ സൗജന്യ ട്രയൽ പിരീഡ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

Tags:    
News Summary - Starlink kicks off India tests, Elon Musk's satellite internet launch set for 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.