80കളിലെ റെട്രൊ ട്രെന്‍റിനു പിന്നാലെ പോയാൽ പണി കിട്ടുമോ? ഡാറ്റാ സ്വകാര്യതയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് സൈബർ വിദഗ്ദർ
നിങ്ങൾ ട്രൈ ചെയ്തില്ലേ സമൂഹമാധ്യമങ്ങളിൽ വൈറലായ 80കളിലെ റെട്രൊ ട്രെന്‍റ്‍? എഐ ചാറ്റ്‍ബോട്ടായ ചാറ്റ്ജിപിടി കൊണ്ടുവന്ന ഈ പുത്തൻ ട്രെന്‍റ് പരീക്ഷിക്കുന്നതിനു മുമ്പ് ഇതിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരുന്നോ? ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിലെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ദ്ധർ.
മുൻകാലങ്ങളിലും സമാനമായ ട്രെൻഡുകൾ വന്നപ്പോൾ ഡാറ്റാ സ്വകാര്യതയെക്കുറിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള ട്രെൻഡുകളിൽ ആളുകൾ വളരെ പെട്ടെന്ന് ആകൃഷ്ടരാകും എന്നാൽ അതിന്റെ പിന്നിലെ സുരക്ഷാ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിക്കില്ല.
ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും എഐ ചാറ്റ്‌ബോട്ടുകളിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ പ്ലാറ്റ്‌ഫോമുകൾ ഈ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുകയും പിന്നീട് മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനായി ഉപയോഗിക്കുകയും ചെയ്യും. വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പുകള്‍ വരെ നടത്താനും നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ചേക്കാം. വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി ആപ്പുകൾക്ക് കൈമാറുവാനും സാധ്യതയുണ്ട്.
നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയോടൊപ്പമുള്ള ബാഗ്രൗണ്ടും എഐ നിരീക്ഷിക്കും. നിങ്ങളുടെ വണ്ടി നമ്പർ, ഓഫീസിന്‍റെ വിവരങ്ങൾ, തുടങ്ങി നിരവധി കാര്യങ്ങൾ എഐക്ക് ക്യാപ്ച്ചർ ചെയ്യാൻ കഴിയും. കൂടുതൽ കൃത്യതയുള്ള ചിത്രങ്ങൾ ലഭിക്കുന്നതിനായി ഉപയോക്താക്കൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ എഐ സിസ്റ്റത്തിലേക്ക് നൽകുകയാണ്. നൽകിയ വിവരങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം.
വ്യക്തിഗത വിവരങ്ങൾ എഐ ടൂളുകളുമായി പങ്കിടുന്നത് ആളുകൾക്കിടയിൽ സാധാരണമായി മാറുകയാണ്. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഭാവിയിൽ ആ ഡാറ്റ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് പലരും ചിന്തിക്കുന്നില്ല. കൂടാതെ, ഈ ചിത്രങ്ങൾ പിന്നീട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ തന്നെ പരസ്യമായി പങ്കുവെക്കുമ്പോൾ വിവരങ്ങളുടെ സുരക്ഷ വീണ്ടും നഷ്ടപ്പെടുന്നു. മെറ്റാ ഡാറ്റ ഉൾപ്പെടെയുള്ളവ ഓഫ് ചെയ്തതിനു ശേഷം മാത്രമേ നിങ്ങളുടെ ചിത്രങ്ങൾ എഐ ചാറ്റ്ബോട്ടുകളിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.