റോഡ് അപകടങ്ങൾ ആപ്പിൾ മാപ്പിൽ റിപ്പോർട്ട് ചെയ്യാൻ ഫോണിൽ തൊടേണ്ടതില്ല; പുതിയ ഫീച്ചർ എങ്ങനെയെന്ന് നോക്കാം
വാഹനം ഓടിക്കുമ്പോൾ റോഡിലെ അപകടങ്ങളോ ഗതാഗത തടസ്സങ്ങളോ മറ്റുള്ളവരെ അറിയിക്കാൻ ഇനി സ്മാർട്ട്‌ഫോണിൽ തൊടേണ്ട ആവശ്യമില്ല. പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആപ്പിൾ മാപ്സ്. വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാതെ സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
യാത്രക്കിടയിൽ റോഡിൽ എന്തെങ്കിലും തടസ്സങ്ങളോ അപകടങ്ങളോ കണ്ടാല്‍ ഫോൺ സ്പർശിക്കാതെ തന്നെ സിരി വഴി ഇത് റിപ്പോർട്ട് ചെയ്യാൻ ആപ്പിൾ മാപ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോണിൽ തൊടാതെ തന്നെ ലളിതമായ വോയ്‌സ് കമാൻഡുകൾ വഴി റോഡ് വിവരങ്ങൾ പങ്കിടാനാകും. ഡ്രൈവിംഗിനിടയിൽ അപകടമോ റോഡിലെ തടസ്സങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഫോണിലേക്ക് നോക്കാതെ തന്നെ സിരിയോട് ഇക്കാര്യം പറയാം. ഈ വോയ്‌സ് കമാൻഡുകൾ ലഭിച്ച ഉടൻ തന്നെ ആപ്പിൾ മാപ്സിൽ ആ വിവരം സ്വയം രേഖപ്പെടുത്തും.
ആപ്പിൾ കാർപ്ലേ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് കാറിന്റെ ഡാഷ്‌ബോർഡ് ഡിസ്‌പ്ലേയിലെ റിപ്പോർട്ട് ഐക്കൺ ടാപ്പ് ചെയ്തും ഈ സേവനം ഉപയോഗപ്പെടുത്താം. കൂടാതെ, മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട തടസ്സങ്ങൾ ഇപ്പോൾ അവിടെയില്ലെങ്കിൽ, അക്കാര്യവും സിരിയിലൂടെ ആപ്പിൾ മാപ്സിനെ അറിയിക്കാൻ സാധിക്കുമെന്ന് ഈ ഫീച്ചർ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് സുരക്ഷിതമാക്കാനും റോഡിലെ തത്സമയ വിവരങ്ങൾ കൃത്യസമയത്ത് മറ്റ് യാത്രക്കാരിലേക്ക് എത്തിക്കാനും സഹായിക്കുന്ന ഈ ഫീച്ചർ ആപ്പിൾ ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.