ജർമനിയിലെ ഡോർട്മണ്ടിൽ നടന്ന ലോക റോബോട്ട് ഒളിമ്പ്യാഡ് ഫൈനൽ ഒന്നാം സ്ഥാനം നേടിയ സൗദി ടീമുകൾ

ലോക റോബോട്ട് ഒളിമ്പ്യാഡിൽ 72 രാജ്യങ്ങളെ പിന്നിലാക്കി സൗദി ഒന്നാം സ്ഥാനത്ത്

റിയാദ്: ഈ മാസം 17 മുതൽ 19 വരെ ജർമനിയിലെ ഡോർട്മണ്ടിൽ നടന്ന ലോക റോബോട്ട് ഒളിമ്പ്യാഡ് ചാമ്പ്യൻഷിപ്പ് 2022-ൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത മറ്റ് 72 രാജ്യങ്ങളെ പിന്നിലാക്കിയാണ് സൗദി ഈ നേട്ടം കരസ്ഥമാക്കിയത്. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റെം പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ എട്ട് - 19 ഗണത്തിൽപ്പെട്ട പ്രായക്കാരുടെ സർഗാത്മകത തെളിയിക്കുന്ന ആഗോള മത്സരമാണ് റോബോട്ട് ഒളിമ്പ്യാഡ്.

സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ഓഫ് ഡ്രോൺസ് എന്നിവയുടെ പങ്കാളിത്തത്തോടെ സൗദി വയർലസ്, റിമോട്ട് കൺട്രോൾ ആൻഡ് റോബോട്ട് സ്‌പോർട്‌സ് ഫെഡറേഷനാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ നിയന്ത്രിക്കുന്നത്. സൗദി വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, അമീർ സത്താം യൂനിവേഴ്സിറ്റി, കിങ് സൽമാൻ ഒയാസിസ്, തക്കാ കമ്പനി എന്നിവരായിരുന്നു മറ്റ് പങ്കാളികൾ.

സാബിക് ലിക്വിഡേഷൻ കമ്പനിയും സൗദി ടെലികോം കമ്പനി സൊല്യൂഷൻസും ചേർന്നാണ് ടീമിനെ ഫൈനലിൽ പങ്കെടുപ്പിച്ചത്. ലോകമെമ്പാടുമുള്ള 73 രാജ്യങ്ങളിൽനിന്നുള്ള 365 ടീമുകൾ പങ്കെടുത്ത ഒളിമ്പ്യാഡ് ഫൈനലിൽ സൗദിയെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണിത്. ഇത് കൂടാതെ റോബോട്ട് സ്‌പോർട്‌സ് വിഭാഗത്തിൽ ഏഴാം സ്ഥാനവും ഇന്റർമീഡിയറ്റ് ഘട്ടത്തിനായുള്ള ഫ്യൂച്ചർ ക്രിയേറ്റേഴ്‌സ് വിഭാഗത്തിൽ 11-ാം സ്ഥാനവും സൗദി നേടി.

ഭാവി കണ്ടുപിടുത്തക്കാരുടെ വിഭാഗത്തിൽ 14-ാം സ്ഥാനവും പ്രാഥമിക ഘട്ടത്തിനായുള്ള റോബോട്ട് ടാസ്‌ക്കുകളുടെ വിഭാഗത്തിൽ 39-ാം സ്ഥാനവും സൗദിക്കുണ്ട്. ഇന്റർമീഡിയറ്റ് ഘട്ടത്തിനായുള്ള റോബോട്ട് ടാസ്‌ക്കുകളുടെ വിഭാഗത്തിൽ 42-ാം സ്ഥാനത്തും സെക്കൻഡറി ഘട്ടത്തിനായുള്ള റോബോട്ട് ടാസ്‌ക്കുകളുടെ വിഭാഗത്തിൽ 66-ാം സ്ഥാനവും നേടി. ഭാവി എൻജിനീയർമാരുടെ വിഭാഗത്തിൽ 15-ാം സ്ഥാനത്താണ് സൗദി.

Tags:    
News Summary - Saudi Arabia wins 1st place in World Robot Olympiad Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.