യുഎസ് നാഷണൽ സൈബർ ഡയറക്ടർ  സീൻ കെയർൻക്രോസ് യുഎസ് പ്രസിഡന്റുമായി സംസാരിക്കുന്നു

തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ; സൈബർ സുരക്ഷാ മേധാവിയെ പുറത്താക്കി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ വിമാന സർവിസുകൾ, ബാങ്കിങ് സംവിധാനങ്ങൾ, ഇമെയിൽ സേവനങ്ങൾ എന്നിവയിൽ തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിന് പിന്നാലെ ദേശീയ സൈബർ സുരക്ഷാ മേധാവി ഷോൺ കെയിൻക്രോസിനെ സ്ഥാനത്തുനിന്ന് നീക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പൂർണ പിന്തുണയോടെയാണ് ഈ നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സൈബർ സുരക്ഷാ ചുമതലകൾ നിർവഹിക്കാൻ ആവശ്യമായ യോഗ്യത കെയിൻക്രോസിനില്ലെന്ന വിലയിരുത്തലാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നാണ് ഒരു റിപ്പോർട്ട്. എന്നാൽ, രണ്ട് വർഷം കൂടി ഈ പദവിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ, സ്ഥാനമാറ്റത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെ വിവിധ നിർണായക സംവിധാനങ്ങളിലാണ് വ്യാപകമായ സാങ്കേതിക തകരാറുകൾ ഉണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ നിർദേശത്തെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ഇതിനുപുറമെ മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് ഇമെയിൽ സേവനത്തെയും യുണൈറ്റഡ് എയർലൈൻസിന്റെ പ്രവർത്തനങ്ങളെയും തടസ്സങ്ങൾ ബാധിച്ചു. ദേശീയ സുരക്ഷാ ഏജൻസിയുടെ ആഭ്യന്തര ആശയവിനിമയ സംവിധാനത്തിലും ബാങ്കിങ് മേഖലയിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇതെല്ലാം ആസൂത്രിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമാണെന്നതിന് തെളിവില്ലെന്നാണ് അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണികളും സാങ്കേതിക മാറ്റങ്ങളും കാരണം വ്യത്യസ്ത സമയങ്ങളിൽ ഉണ്ടായ സാധാരണ തടസ്സങ്ങൾ മാത്രമാണിതെന്നും അവർ വ്യക്തമാക്കി. അമേരിക്കയിലെ പ്രധാന സംവിധാനങ്ങളുടെ സുരക്ഷയെയും സൈബർ ഭീഷണികളെയും നേരിടാനുള്ള സർക്കാരിന്റെ കഴിവിനെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് സൈബർ സുരക്ഷാ മേധാവിയെ മാറ്റിയിരിക്കുന്നത്.

Tags:    
News Summary - Trump Ousts US Cyber chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.