വ്യക്തിവിവരങ്ങൾ ചോരുന്നു; അനധികൃത സേവന കേന്ദ്രങ്ങൾക്കെതിരെ നടപടിക്ക് ശിപാർശ

തിരുവനന്തപുരം: സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾവഴി വ്യക്തിവിവരങ്ങൾ വൻതോതിൽ ചോരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. സര്‍ക്കാറിന്‍റെ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ക്രമക്കേടെന്നാണ് വ്യക്തമാകുന്നത്. നടപടി ആവശ്യപ്പെട്ട് ഐ.ടി മിഷൻ ഡയറക്ടര്‍ നൽകിയ മുന്നറിയിപ്പ് കലക്ടര്‍മാര്‍ പൊലീസിന് കൈമാറി. സര്‍ക്കാര്‍ സേവനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഓൺലൈന്‍ വഴിയാണ് ലഭ്യമാക്കുന്നത്. അതാണ് ദുരുപയോഗം ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.

സ‍ർട്ടിഫിക്കറ്റുകള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണമടക്കൽ എന്നിവയെല്ലാം സർക്കാറിന്‍റെ വിവിധ ഓൺലൈൻ പോര്‍ട്ടലുകൾ വഴി എടുക്കാൻ സാധിക്കും. പൊതുജനങ്ങൾക്ക് ഓണ്‍ലൈൻ സേവനങ്ങള്‍ നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത് ഐ.ടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളെയാണ്. സർക്കാർ നൽകിയ പ്രത്യേക യൂസ‍ർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾക്ക് പരിധിയും വെച്ചിട്ടില്ല. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നൽകുന്നുണ്ട്. ഓരോ വ്യക്തിക്കും സ്വന്തമായി അക്കൗണ്ടുണ്ടാക്കി ഇ-ഡിസ്ട്രിക്റ്റ് വഴി വിവിധ സേവനങ്ങള്‍ക്ക് പണമടച്ച് അപേക്ഷ നൽകാം. പക്ഷേ, ഒരാൾക്ക് ഒരു മാസം അഞ്ച് സേവനങ്ങൾ മാത്രമെന്ന പരിമിതിയുണ്ട്. ഇതു പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടക്കുന്നത്. വ്യക്തിയുടെ പേരിൽ സ്ഥാപനം അക്കൗണ്ട് ഉണ്ടാക്കും. ഇടപാടുകാരന്‍റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ അക്കൗണ്ട് വിവരങ്ങൾ വെച്ച് മറ്റൊരാൾക്ക് സേവനം ലഭ്യമാക്കുകയും അതിനു പണം വാങ്ങുകയും ചെയ്യും. അക്ഷയയുടെ ലോഗോയുടെ മാതൃകയിൽ ബോർഡുകള്‍ സ്ഥാപിച്ച് പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിവേണമെന്നും കത്തിൽ പറയുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടിയും ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.