കാലിഫോർണിയ: ലോകമെമ്പാടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ചൈന ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നുവെന്ന് ഓപൺ എ.ഐ. ചൈനീസ് സർക്കാറുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്ന് ഓപൺ എ.ഐ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓപൺ എ.ഐ ഉപയോഗ നയങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തിയിരുന്നു. കമ്പനി ഇത്തരം പ്രവർത്തനങ്ങൾ തടസപെടുത്തിയതായും അക്കൗണ്ടുകൾ നിരോധിച്ചതായും വ്യക്തമാക്കി. ഇതിനായി ചൈന കാമ്പെയ്നുകൾ നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സ്നീർ റിവ്യൂ എന്ന കാമ്പെയ്‌ൻ ചാറ്റ് ജി.പിടിയെ ഉപയോഗിച്ച് ടിക് ടോക്ക്, എക്സ്, റെഡ്ഡിറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും വ്യാജ ചർച്ചകൾ സൃഷ്ടിക്കുന്നതിനും ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള വിഡിയോ ഗെയിമിനെക്കുറിച്ചുള്ള വിമർശനം മുതൽ യു.എസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സമ്മിശ്ര അഭിപ്രായങ്ങൾ അതിൽ ഉൾപെടുന്നുവെന്നും കമ്പനി വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വ്യാപാര താരിഫുകളെ വിമർശിക്കുന്നതും യു.എസ് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സൃഷ്ടിക്കുന്നതിനും എ.ഐ ഉപയോഗിച്ചു. ചാറ്റ് ജി.പി.ടി ആരംഭിച്ചതിനുശേഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്ന ജനറേറ്റീവ് എ.ഐയുടെ സാധ്യതയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. നിലവിൽ ആഗോളതലത്തിൽ ഏറ്റവും മൂല്യവത്തായ സ്വകാര്യ ടെക് കമ്പനികളിൽ ഒന്നാണ് ഓപൺ എ.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.