ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ടെലികോം ശൃംഖലയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) വെറും ഒരു രൂപ നിരക്കിൽ ഒരു മാസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളുകളും 4 ജി ഡാറ്റയും നൽകുന്ന പുതിയ ഫ്രീഡം പ്ലാൻ ഓഫർ ഉപഭോക്താക്കളാക്കായി അവതരിപ്പിച്ചു. കുറഞ്ഞ നിരക്കിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് പുതിയ പ്ലാൻ അവതരിപ്പിച്ചതെന്നാണ് നിഗമനം.
ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള ഒരു മാസത്തെ വാലിഡിറ്റിയാണ് ബി.എസ്.എൻ.എൽ ഫ്രീഡം പ്ലാനിലൂടെ നൽകുന്നതെന്ന് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഇത് പ്രകാരം പരിധിയില്ലാത്ത ലോക്കൽ, നാഷണൽ വോയിസ് കോളുകൾ, പ്രതിദിനം 100 എസ്.എം.എസ്, എല്ലാ ദിവസവും 2 ജി.ബി 4 ജി മൊബൈൽ ഡാറ്റ, ഫ്രീ സിം എന്നിവ ലഭിക്കും. പുതിയ പ്ലാനിലും ദൈനംദിന മൊബൈൽ ഡാറ്റ ക്വാട്ട തീർന്നുപോകുമ്പോൾ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയുമെന്നും ബി.എസ്.എൻ.എൽ അറിയിച്ചു.
ഫ്രീഡം പ്ലാൻ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനായി നടപ്പാകുന്നതിനാൽ പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. നിലവിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കില്ല.
ബി.എസ്.എൻ.എല്ലിന്റെ പുതിയ ആസാദി കാ പ്ലാൻ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ബി.എസ്.എൻ.എൽ റീട്ടെയിലർ അല്ലെങ്കിൽ കോമൺ സർവീസ് സെന്ററുകൾ സന്ദർശിക്കാം. രാജ്യത്ത് 4 ജി നെറ്റ്‌വർക് കൂടുതൽ കാര്യക്ഷമമാക്കുന്ന തിരക്കിലാണ് ബി.എസ്.എൻ.എൽ. ടാറ്റയുമായി സഹകരിച്ച് ഒരു ലക്ഷം പുതിയ ടവറുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏത് നിമിഷവും 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന തരത്തിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.