ഗ്രൂപ്പുകൾ ഇനി പഴയതുപോലാകില്ല; വാട്സ്ആപ്പിലേക്ക് കിടിലൻ ഫീച്ചറുകൾ

ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു 32 പേരെ ഗ്രൂപ്പ് വോയിസ് കോളിൽ ചേർക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. കൂടെ പുതിയ ഗ്രൂപ്പ് കോളിങ് യൂസർ ഇന്റർഫേസും എത്തിയിരുന്നു.

എന്നാൽ, പുതുതായി അവതരിപ്പിച്ചിരിക്കുന്ന സവിശേഷത അഡ്മിൻമാർക്കൊപ്പം എല്ലാ യൂസർമാർക്കും ഏറെ ഗുണം ചെയ്യുന്നതാണ്. ഗ്രൂപ്പ് വോയിസ് കോളിനിടയിൽ ആളുകളെ മ്യൂട്ട് (mute) ചെയ്യാനും വ്യക്തിഗതമായി സന്ദേശം അയക്കാനുമുള്ള സൗകര്യം പുതിയ മാറ്റത്തിൽ പെടും. സ്ക്രീൻ ഓഫ് ആയിരിക്കെ ആരെങ്കിലും കോളിൽ ജോയിൻ ചെയ്യുമ്പോൾ ബാനർ പ്രത്യക്ഷപ്പെടുമെന്നതും പുതിയ സവിശേഷതയാണ്.


ഗ്രൂപ്പ് കോളിനിടയിൽ ശബ്ദ കോലാഹലമുണ്ടാക്കുന്ന വ്യക്തിയെ നിശബ്ദമാക്കാനുള്ള സ്വാതന്ത്ര്യം അഡ്മിൻമാർക്ക് മാത്രമായിരിക്കില്ല. ആ യൂസറെ ആർക്കും പിടിച്ച് മ്യൂട്ട് ചെയ്യാം. എന്നാൽ, ആ വ്യക്തിക്ക് അതിന്റെ സന്ദേശം ലഭിക്കുമെന്ന് മാത്രം. അയാൾക്ക് സ്വയം അൺമ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ടായിരിക്കും.

മറ്റുള്ളവരെ അറിയിക്കാതെ ഗ്രൂപ്പ് കോളിനിടയിൽ ഒരു പ്രത്യേക യൂസർക്ക് സന്ദേശം അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യക്തിഗത സന്ദേശമയയ്‌ക്കൽ സവിശേഷയും ഏറെ ഉപകാരപ്പെടുമെന്ന് തീർച്ച. എത്രയും പെട്ടന്ന് തന്നെ ഈ സവിശേഷതകൾ എല്ലാവർക്കും ലഭിച്ച് തുടങ്ങും.

ഇനി ഗ്രൂപ്പിൽ കയറാൻ അഡ്മിൻ അനുവാദം വേണം

വാട്സ്ആപ്പിലൂടെ ​പ്രചരിക്കുന്ന ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്കുകൾ ഉപയോഗിച്ച് എളുപ്പം ഏത് ഗ്രൂപ്പിലും കയറിപ്പറ്റാൻ കഴിയുന്ന കാലമൊക്കെ ഇനി മാറും. 'പുതിയ ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ' ഫീച്ചർ അഡ്മിൻമാർക്ക് പുതിയ അധികാരം നൽകുന്നതാണ്.

പുതിയ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കുന്നതിനോ വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് സെറ്റിങ്സിൽ പ്രത്യേകമായി ഉൾപെടുത്തും. പുതിയ ഓപ്ഷൻ ഓൺ ആക്കി വെച്ചാൽ, ഗ്രൂപ്പ് അംഗങ്ങൾക്ക് 'അഡ്മിൻ അപ്രൂവൽ' ഫീച്ചർ പ്രവർത്തനം തുടങ്ങിയതായി അറിയിപ്പ് ലഭിക്കും. ​ഗ്രൂപ്പ് ഇൻഫോയിൽൽ അഡ്മിൻമാർക്കായി 'പുതിയ ​ജോയിനിങ് അഭ്യർഥനകൾ' നിയന്ത്രിക്കുന്നതിന് പുതിയ സെക്ഷനും ലഭിച്ചേക്കും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ യൂസർമാരിലേക്ക് എത്തും. 



 


Tags:    
News Summary - new super cool features coming to WhatsApp Groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.