കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ജെമിനിയുടെ ഇമേജ് ജനറേഷൻ ടൂളായ നാനോ ബനാന ഗൂഗ്ൾ അവതരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ നാനോ ബനാനയെ ഉപയോക്താക്കൾ ആഘോഷമാക്കിയിരുന്നു. സങ്കീർണമായ ഇമേജ് എഡിറ്റുകൾ നടത്താനും സ്വാഭാവിക ഭാഷ പ്രോംപുറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവ് ഉപയോക്താക്കളെ ആകർഷിച്ചു. ഇപ്പോൾ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നാനോ ബനാന 2വിനാണ്. എന്നാൽ അതിന്‍റെ ലോഞ്ചിങ് ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതീക്ഷക്ക് ആക്കം പകരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നാനോ ബനാന2 ചില ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞതാണ്. നാനോ ബനാന2 ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക ലോഞ്ചിങിനെക്കുറിച്ച് ഇതുവരെ ഗൂഗ്ൾ പ്രതികരിച്ചിട്ടില്ല.
നാനോ ബനാന എന്നറിയപ്പെടുന്ന ഗൂഗ്ളിന്റെ ജെമിനി 2.5 ഫ്ലാഷ് മോഡലിന്റെ തുടർച്ചയാണിത്. എന്നാൽ ചിത്രങ്ങളിലെ കൃത്യത, റെൻഡറിങ്, ഗുണനിലവാരം, ഇൻഫോഗ്രാഫിക്സ്, ചാർട്ടുകൾ, നിർദ്ദേശ പിന്തുടരൽ എന്നിവയിൽ ഗണ്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തിയാണ് അടുത്ത പതിപ്പ് അവതരിപ്പിക്കുന്നത് എന്നാണ് ഇതിനോടകം ഉപയോഗിച്ചവർ അഭിപ്രായപ്പെടുന്നത്.
പുതിയ മോഡൽ ഉയർന്ന റെസല്യൂഷൻ ഡൗൺലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും പിന്തുണക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കൾക്ക് പോർട്രെയിറ്റ് (9:16), ലാൻഡ്‌സ്‌കേപ്പ് (16:9) ഫോർമാറ്റുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ അനുവദിക്കുന്നു. ഇത് സമൂഹ മാധ്യമ പോസ്റ്റുകൾ, പ്രൊഫഷണൽ അവതരണങ്ങൾ, വിഷ്വൽ സ്റ്റോറിടെല്ലിങ് എന്നിവക്ക് കൂടുതൽ അനുയോജ്യമാകും. നാനോ ബനാനയെക്കുറിച്ച് നിലനിന്നിരുന്ന പ്രധാന വിമർശനം അനുപാതത്തെക്കുറിച്ചായിരുന്നു.
പുതിയ മോഡലിൽ വിവിധ ഘട്ടങ്ങളിലൂടെയാകും ഇമേജ് ജനറേഷൻ നടക്കുന്നത്. പ്ലാനിങ്, വിലയിരുത്തൽ തുടങ്ങിയവ നടത്തി അന്തിമ ചിത്രം നൽകുന്നതിനു മുമ്പ് അതിന്റെ മികവ് വർധിപ്പിക്കും. തയ്യാറാക്കിയ ചിത്രങ്ങൾ സ്വയം അവലോകനം ചെയ്യും. അതിൽ കുറവുകളുണ്ടെങ്കിൽ കണ്ടെത്തും. ഇത് കൂടുതൽ കൃത്യതയും യാഥാർഥ്യവുമുള്ളതായി തയ്യാറാക്കുന്നു. ജെമിനൈ 3 പ്രോ ഇമേജ് മോഡലാണ് നാനോ ബനാന 2ൽ പ്രവർത്തിക്കുന്നത്.
പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും നാനോ ബനാന2ന് ഉണ്ടായിരിക്കും. ക്രിയേറ്റീവ് പ്രോംപ്റ്റുകളുടെ സഹായത്തോടെ ഇവ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ദൃശ്യമാകുന്ന തരത്തിൽ ഇഷ്ടാനുസൃതമാക്കാനും കഴിയും. ഉപയോക്താക്കളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനും നാനോ ബനാന സഹായിച്ചേക്കും. 'എഡിറ്റ് വിത്ത് ജെമിനി' എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ നിങ്ങളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.