മൈക്രോസോഫ്റ്റിന്‍റെ പ്രമുഖ വിഡിയോ കാളിങ് പ്ലാറ്റ്ഫോമായ സ്കൈപ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻകാലങ്ങളിലേതുപോലെ നിലവിൽ പ്രചാരമില്ലാത്ത സാഹചര്യത്തിൽ സ്കൈപ് മേയിൽ സേവനം അവസാനിപ്പിക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, നീണ്ട 22 വര്‍ഷത്തെ സേവനമാണ് സ്കൈപ് അവസാനിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വൈകാതെ ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചുതുടങ്ങും. എന്നാല്‍ മൈക്രോസോഫ്റ്റ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ലോകത്തിലെ ആദ്യ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങളിലൊന്നായ സ്കൈപ് 2003ലാണ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ സംരംഭകരായിരുന്നു സ്കൈപ് പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിങ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ തുടങ്ങിയ സേവനങ്ങളാണ് സ്കൈപ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്ലാറ്റ്ഫോം ലഭ്യമാണ്.
2011ലാണ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് പ്ലാറ്റ്‌ഫോം ഏറ്റെടുത്തത്. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലക്കായിരുന്നു മൈക്രോസോഫ്റ്റിന്‍റെ ഈ നീക്കം. ഇതോടെ സ്കൈപിന് വീണ്ടും പ്രചാരമേറുകയും ലോക വ്യാപകമായി ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുകയും ചെയ്തു. 2017ല്‍ ലോഞ്ച് ചെയ്ത മൈക്രോസോഫ്റ്റ് ടീംസ് സ്കൈപിന് ബദലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ സ്കൈപിന്‍റെ പ്രചാരമിടിഞ്ഞു.
സ്കൈപ് നൽകുന്ന സേവനങ്ങൾക്കു പുറമെ ഫയല്‍ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഓപ്ഷനുകള്‍ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. ഇതിനു പുറമെ വിഡിയോ കോൺഫറൻസിങ്ങിനായി സൂം ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്കൈപിന് വെല്ലുവിളിയായി. സുഹൃത്തുക്കളും കുടുംബവുമായുള്ള വിഡിയോ ചാറ്റിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് ഇന്ന് ഏറെയും ഉപയോഗിക്കുന്നത്. തുടക്ക കാലത്തെ വമ്പൻ സംരംഭമെന്നതിനപ്പുറത്തേക്ക് സ്കൈപിന് പ്രാധാന്യമില്ലാതായതോടെയാണ് അടച്ചുപൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.