വില്ലനായി എ.ഐ; മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും വലിയ ഒരു വിഭാഗത്തിന് തൊഴിൽ നഷ്ട്ടമാകുമെന്നാണ് റിപ്പോർട്ട്.

വിൽപ്പന, മാർക്കറ്റിങ് വിഭാഗങ്ങളിലെ ജോലിക്കാരെയും ഈ പിരിച്ചുവിടൽ ബാധിക്കും. മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കൺസോളുകൾ, ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകൾ, ഗെയിം പാസ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന എക്സ്ബോക്സ് വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പിരിച്ചുവിടലുകൾ നടന്നിട്ടുണ്ട്. മേയ് പകുതിയോടെ കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു.

എ.ഐ (നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. മൈക്രോസോഫ്റ്റ് പഴയ പ്രവർത്തന രീതികൾ മാറ്റി എ.ഐ അധിഷ്ഠിതവും കൂടുതൽ കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ സ്വീകരിക്കുകയാണ്.

2024 ജൂണിൽ കമ്പനിക്ക് ഏകദേശം 228,000 ജോലിക്കാർ ഉണ്ടായിരുന്നു. ഇതിൽ 45,000 പേർ വിൽപ്പന, മാർക്കറ്റിങ് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. എ.ഐയുടെ വ്യാപകമായ ഉപയോഗം ഈ ജോലികളെ വലിയ തോതില്‍ ബാധിക്കും. ഇതിന്റെ ഫലമായി ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും. ഓപ്പൺ എ.ഐയിൽ വൻ നിക്ഷേപം നടത്തുന്ന മൈക്രോസോഫ്റ്റ് ജനറേറ്റീവ് എ.ഐ വിപ്ലവത്തിൽ മുൻനിരയിൽ നിൽക്കാൻ ലക്ഷ്യമിടുന്നു.

Tags:    
News Summary - Microsoft is likely to layoff employees within its Xbox division next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.