50,000 കി.മീ ദൈർഘ്യം! കടലിനടിയിലൂടെ ലോകത്തെ ഏറ്റവും വലിയ കേബിൾ ശൃംഖല; മെറ്റയുടെ ‘പ്രോജക്ട് വാട്ടർവർത്തി’ൽ ഇന്ത്യയും

സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ വമ്പൻ കേബിൾ ശൃംഖല പദ്ധതിയാണ് പ്രോജക്ട് വാട്ടർവർത്ത്. സമുദ്രാന്തര കേബിൾ കണക്ടിവിറ്റിയിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളെ കോർത്തിണക്കുന്ന പദ്ധതിയിൽ ഇന്ത്യയും ഭാഗമാകും. അടുത്ത ദശാബ്ദത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്ന കേബിൾ നെറ്റ്‍വർക്കിന്‍റെ ദൈർഘ്യം 50,000 കിലോമീറ്ററാണ്. ഭൂമിയുടെ വ്യാസത്തേക്കാൾ വരുമിത് എന്നതിൽനിന്നുതന്നെ മെറ്റ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ വ്യാപ്തി അത്രയും വിശാലമാണെന്ന് മനസ്സിലാക്കാം.

സമുദ്രത്തിനടിയിലൂടെ അതിവേഗ വിവരവിനിമയത്തിനായി കേബിൾ ശൃംഖലകൾ മുമ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും ദൈർഘ്യമേറിയ പ്രോജക്ട് ആദ്യമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ ശൃംഖലയായിരിക്കുമിത്. നിലവിലുള്ളവയെക്കാൾ അത്യാധുനിക സാങ്കേതികവിദ്യയിലുള്ള കേബിൾ ശൃംഖലയുടെ ശേഷിയും വളരെ ഉയർന്നതായിരിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഉൾപ്പെടും. ആഗോളതലത്തിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ടെലകോം കമ്പനികൾ ഉപയോഗിക്കുന്നത് സമുദ്രാന്തർ കേബിൾ ശൃംഖലയെയാണ്. മെറ്റയുടെ പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയും ലോകത്തെ പ്രധാന രാജ്യങ്ങൾ പലതും തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി ശക്തമാകും.

തീരദേശങ്ങളിൽ കപ്പലുകൾ പോകുമ്പോഴും മറ്റും കേബിളുകൾക്ക്‌ കേടുവരാത്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഇവ സ്ഥാപിക്കുക. ആഗോളതലത്തിൽ ഡിജിറ്റൽ ഹൈവേ ശക്തിപ്പെടുത്തി ആശയവിനിമയരംഗത്ത് മുൻനിരയിലേക്കുയരാനും പദ്ധതിയിലൂടെ മെറ്റ ലക്ഷ്യമിടുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഐ.ടി മേഖലയിൽ ഉൾപ്പെടെ അന്താരാഷ്ട്ര സഹകരണം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. പ്രോജക്ട് വാട്ടർവർത്തിന്‍റെ ഭാഗമായി ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് മെറ്റ.

Tags:    
News Summary - Meta's 50,000 Kilometers Global Subsea ‘Project Waterworth'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.