കാലിഫോർണിയ: ഓഗ്‌മെന്റഡ് റിയാലിറ്റിയിലേക്കും, ആർട്ടിഫിഷ്യൽ ഇന്റജൻസിലേക്കും നിക്ഷേപം നടത്തിയതിനു പിന്നാലെ എ.ഐ നിയന്ത്രിത ഹ്യൂമനോയിഡ് റോബോട്ടുകളിലേക്ക് അടുത്ത വലിയ പന്തയത്തിനുള്ള കണ്ണെറിഞ്ഞ് മെറ്റാ പ്ലാറ്റ്‌ഫോം. ഈ വിഭാഗത്തിലേക്ക് കമ്പനി ഗണ്യമായ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മനുഷ്യരെപ്പോലെ പ്രവർത്തിക്കാനും ശാരീരികാധ്വാനം വേണ്ട ജോലികളിൽ സഹായിക്കാനും കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടുകളെ നിർമിക്കുന്നതിനായി അതിന്റെ ‘റിയാലിറ്റി ലാബ്‌സ് ഹാർഡ്‌വെയർ ഡിവിഷനി’ൽ ഒരു പുതിയ ടീമിനെ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
തുടക്കത്തിൽ ‘മെറ്റ’ ബ്രാൻഡഡ് റോബോട്ടുകളെ നിർമിക്കാൻ പദ്ധതിയിട്ടിട്ടില്ല. എന്നാൽ, ഭാവിയിൽ അങ്ങനെ ചെയ്യുന്നത് പരിഗണിച്ചേക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. വീട്ടുജോലികളിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ ഹാർഡ്‌വെയർ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിലെ പദ്ധതി.
നിരവധി കമ്പനികൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന റോബോട്ടുകൾക്കായുള്ള അടിസ്ഥാന എ.ഐ സെൻസറുകൾ, സോഫ്റ്റ്‌വെയർ എന്നിവ നിർമിക്കുക എന്നതാണ് തങ്ങളുടെ വലിയ അഭിലാഷമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Unitree Robotics, Figure AI Inc എന്നിവയുൾപ്പെടെയുള്ള റോബോട്ടിക്‌സ് കമ്പനികളുമായി മെറ്റ അതിന്റെ പ്ലാൻ ചർച്ച ചെയ്യാൻ തുടങ്ങിയതായാണ് വിവരം. Apple Inc., Alphabet Inc. ന്റെ ഗൂഗ്ൾ ഡീപ്മൈന്റ് ഡിവിഷൻ എന്നിവയുൾപ്പെടെ മറ്റ് സാങ്കേതിക ഭീമൻമാരുടെ പര്യവേക്ഷണ പദ്ധതികളെ ‘ഹ്യൂമനോയിഡ്’ പരിശ്രമം പ്രചോദിപ്പിക്കുന്നുവെന്ന് ഒരു മെറ്റാ വക്താവ് പറഞ്ഞു.
ഈ മാസം ആദ്യം ജനറൽ മോട്ടോഴ്‌സ് കമ്പനിയുടെ ക്രൂസ് സെൽഫ് ഡ്രൈവിംഗ് കാർ ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ സ്ഥാനം രാജിവച്ച മാർക്ക് വിറ്റന്റെ നേതൃത്വത്തിലാണ് പുതിയ ടീമിന്റെ രൂപീകരണമെന്ന് മെറ്റ സ്ഥിരീകരിച്ചു. ഗെയിമിംഗ് കമ്പനിയായ യൂണിറ്റി സോഫ്റ്റ്‌വെയർ ഇൻ കോർപ്പറേഷനിലും ആമസോൺ ഡോട്ട് കോമിലും എക്‌സിക്യൂട്ടിവായിരുന്നു മാർക്ക് വിറ്റൻ.
റിയാലിറ്റി ലാബുകളിലും എ.ഐയിലും തങ്ങൾ ഇതിനകം നിക്ഷേപിക്കുകയും നിർമിക്കുകയും ചെയ്തിട്ടുള്ള പ്രധാന സാങ്കേതികവിദ്യകൾ റോബോട്ടിക്‌സിന് ആവശ്യമായവ വികസിപ്പിക്കുന്നതിനും അനുയോജ്യമാണെന്ന് മെറ്റയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആൻഡ്രൂ ബോസ്‌വർത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.