ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് മെറ്റ; ബംഗളൂരുവിൽ പുതിയ ഓഫിസ്

ബംഗളൂരു: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ബെംഗളുരൂവിൽ പുതിയ ഓഫിസ് തുടങ്ങാനൊരുങ്ങി മെറ്റ. ആധുനിക എൻജിനീയറിങ് സാധ്യതകളെ വികസിപ്പിക്കുന്നതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരിക്കും മെറ്റയുടെ പുതിയ ഓഫിസ്. രാജ്യത്തെ ഏറ്റവും വലിയ ടെക് ഹബ്ബുകളിലൊന്നായ ബംഗളൂരു, വിദഗ്ധരായ എൻജിനീയർമാരും ഡാറ്റാ സയന്റിസ്റ്റുകളുമൊക്കെ ഏറെ സ്വപ്നം കാണുന്ന സ്ഥലമാണ്.

പുതിയ ഓഫിസിനോടനുബന്ധിച്ച്, എ.ഐ എൻജിനീയറിങ്, ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ, കസ്റ്റം ചിപ്പ് ഡവലപ്മെന്‍റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് കൂടുതൽ ആളുകളെ നിയമിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മെറ്റയുടെ വളർച്ചയിലൊരു നിർണായക ഘടകമായ എ.ഐയുടെ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഹാർഡ്‌വെയർ എൻജിനീയർമാരെയും ഡാറ്റാ സെന്റർ വിദഗ്ധരെയും കമ്പനിക്ക് ആവശ്യമുണ്ട്.

മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാർക്കൊപ്പമാണ് മെറ്റയും ഇന്ത്യയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നത്. ഗൂഗിൾ അടുത്തിടെ ബെംഗളൂരുവിൽ 'അനന്ത' എന്ന പേരിൽ ഒരു കാമ്പസ് ഉദ്ഘാടനം ചെയ്തിരുന്നു. അതിൽ ഗൂഗിൾ ഡീപ് മൈൻഡ്, ആൻഡ്രോയിഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്സ്, പ്ലേ എന്നിവയുൾപ്പെടെയുള്ള ഡിവിഷനുകളിലെ വിദഗ്ധർ പ്രവർത്തിക്കുന്നുണ്ട്.

2010ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച മെറ്റയ്ക്ക് നിലവിൽ ഗുരുഗ്രാം, ന്യൂഡൽഹി, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ഓഫിസുകളുണ്ട്. എന്നാൽ, ഇതുവരെ ഇന്ത്യയിലെ ഓഫിസുകളിൽ പ്രധാനമായും എൻജിനീയറിങ് ഇതര ജോലികളാണ് ഉണ്ടായിരുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് മെറ്റയുടെ എൻജിനീയറിങ് ടീമുകൾ കേന്ദ്രീകരിച്ചിരുന്നത്.

മെറ്റയുടെ ഏറ്റവും വലിയ ഉപയോക്തൃ വിപണിയാണ് ഇന്ത്യ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയുൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ നൂറുകോടിയിലധികം ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. മെറ്റയുടെ പുതിയ സവിശേഷതകൾക്കും ഉപകരണങ്ങൾക്കും വേണ്ടിയുള്ള പരീക്ഷണ കേന്ദ്രമായി ഇന്ത്യ പലപ്പോഴും മാറിയിട്ടുണ്ട്. 2020 ൽ ടിക് ടോക്ക് നിരോധിച്ചതിന് ശേഷം ഇൻസ്റ്റഗ്രാം റീലുകൾ ഏറ്റവും വേഗത്തിൽ ഏറ്റുപിടിച്ച വിപണി ഇന്ത്യ ആയിരുന്നു.

ബംഗളൂരുവിൽ പുതിയ ഓഫിസ് ആരംഭിക്കുന്നതിലൂടെ, ഇന്ത്യയിലേക്കുള്ള മെറ്റയുടെ പ്രാധാന്യം കൂടുതൽ വർധിച്ചിരിക്കുന്നതിന്റെ തെളിവാണ്. ഇത് ഇന്ത്യയിലെ ടെക് രംഗത്തെ കൂടുതൽ വളർച്ചയ്ക്ക് വഴി വയ്ക്കുകയും നിർണ്ണായക സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യും.

Tags:    
News Summary - Meta expands operations in India; opens new office in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.